നടന്‍ കമല്‍ ഹാസനെ കണ്ട അനുഭവം പങ്കുവെച്ച് തേജ ലക്ഷ്മി
ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്.
നടന്‍ കമല്‍ ഹാസനെ കണ്ട അനുഭവം പങ്കുവെച്ച് നടിയും ഉര്‍വശിയുടെ മകളുമായി തേജലക്ഷ്മി. കുട്ടിക്കാലത്ത് പഞ്ചതന്ത്രത്തിന്റെ സെറ്റില്‍ വെച്ച് തന്നെ കമല്‍ ഹാസന്‍ എടുത്തുനടന്നിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ വാങ്ങിത്തന്നിട്ടുണ്ടെന്നും തേജാലക്ഷ്മി പറയുന്നു. പിന്നീട് ഒരു അവാര്‍ഡ് നിശയില്‍ വെച്ച് കമല്‍ ഹാസനോട് മിണ്ടാനാകാതെ പോയപ്പോഴുള്ള വിഷമത്തെക്കുറിച്ചും കുറിപ്പില്‍ തേജലക്ഷ്മി പറയുന്നു. ഉര്‍വശിക്കും കമല്‍ ഹാസനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
tRootC1469263">തേജാലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
വര്‍ഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റില്‍ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാന്‍ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വാശി പിടിക്കുന്ന ദിവസങ്ങളില്‍, ഞാന്‍ കരയാതിരിക്കാനായി കമല്‍ സാര്‍ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓര്‍മ്മയില്ലെങ്കിലും.
വര്‍ഷം 2025, സൈമ അവാര്‍ഡ്സ് (SIIMA Awards). ഞാന്‍ എന്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമല്‍ സാറും. അമ്മയ്ക്കും സ്റ്റേജില്‍ കയറേണ്ട തിരക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താന്‍ മറന്നുപോയി. ഓരോ നിമിഷവും ഞാന്‍ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു 'ഹായ്' പറയുമെന്ന് മനസ്സില്‍ കണക്കുകൂട്ടുകയുമായിരുന്നു. സത്യം പറഞ്ഞാല്‍, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകള്‍ കാരണം പരിപാടിയില്‍ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാന്‍ ശരിക്കും കരഞ്ഞുപോയി. അമ്മയോട് പറഞ്ഞു, 'എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാന്‍ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാന്‍ വെറുതെ നോക്കിയിരുന്നു.
എനിക്കിപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു'. അമ്മ പറഞ്ഞു, 'സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓര്‍മ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണാം'. ആ നിമിഷം മുതല്‍, അദ്ദേഹത്തെ ഉടന്‍ കാണാന്‍ കഴിയണേ എന്നും, അമ്മ പറഞ്ഞ ആ ഒരു ദിവസം വേഗം വരണേ എന്നും ഞാന്‍ എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ തുടങ്ങി.
ഒടുവില്‍ ആ ദിവസം വന്നെത്തി എന്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റില്‍ താഴെ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകള്‍ പത്ത് വര്‍ഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു.
എല്ലാത്തിനുമുപരി, ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി. ശരിയായ സമയമാകുമ്പോള്‍ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂര്‍ത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍.
.jpg)


