സൂര്യ നായകനായ ‘സീൻ’ വൻ വിജയമായി മുന്നേറുന്നു

scene

 സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ, നസ്രിയ, നെസ്ലൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള വിലയിരുത്തൽ. ബോക്സ് ഓഫീസിലും മികച്ച കുതിപ്പാണ് ചിത്രം നടത്തുന്നതെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 135 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

മാസ് ആക്ഷനും നർമവും ഒപ്പം ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ് ‘സീൻ’. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.

ഡി.എസ്.പി ഇമ്പരാജ് എന്ന ശക്തനായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. മികച്ച ദൃശ്യാനുഭവത്തിനൊപ്പം സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്തായി മാറിയിട്ടുണ്ട്. സൂര്യയ്ക്കും നസ്‌ലനും നസ്രിയയ്ക്കുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഈ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടായ്മയായി മാറിയ ജിത്തു മാധവൻ – സുഷിൻ ശ്യാം കൂട്ടുകെട്ട് തമിഴിലും വിജയം ആവർത്തിച്ചിരിക്കുകയാണ്.

Tags