ആ മുഖം എനിക്ക് കാണണ്ട, സുബിയുടെ ചിരിച്ച മുഖം മാത്രം മതി എന്റെ മനസ്സിൽ....നസീർ സംക്രാന്തി

subi
എന്തുകൊണ്ടാണ് സുബിയെ കാണാൻ താൻ പോകാതിരുന്നത് എന്നതിന് മറുപടി നൽകിയിരിക്കുകയാണ്

സുബിയുമായി ഏറ്റവും കൂടുതൽ പരിപാടികൾ ചെയ്തിട്ടുള്ള ആളാണ് നസീർ സംക്രാന്തി. എന്നാല്‍ സുബിയെ അവസാനമായി ഒരുനോക്ക് കാണാൻ നടൻ എത്താത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. 

ഇപ്പോഴിതാ എന്തുകൊണ്ടാണ് സുബിയെ കാണാൻ താൻ പോകാതിരുന്നത് എന്നതിന് മറുപടി നൽകിയിരിക്കുകയാണ് നസീർ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

"രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ഷൂട്ടിം​ഗ് ഡേറ്റ് ആണ്. ഞാൻ എ​ഗ്രിമെന്റ് വച്ചിട്ട് ചെയ്യുന്ന പരിപാടിയായിരുന്നു അത്. രണ്ടാമത്തെ കാര്യം അവളുടെ ചിരിച്ച മുഖം ഇങ്ങനെ എന്റെ മനസ്സിൽ കിടക്കയാണ്. ഞാനുമായി ഇടപഴകിയതും സംസാരിച്ചതും കളിക്കുന്നതും ചിരിക്കുന്നതും ഒക്കെയുള്ള സുബിയുടെ മുഖം. അതല്ലാതെയുള്ള അവളെ പോയി കാണാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

 ആ മുഖം എനിക്ക് കാണണ്ട, എന്നും അവളുടെ ചിരിച്ച മുഖം മാത്രം മതി എന്റെ മനസ്സിൽ. വീണ നായരാണ് സുബിയുടെ മരണം എന്നെ വിളിച്ച് പറയുന്നത്. പിന്നീട് ഞാൻ പലരെയും വിളിച്ച് കാര്യങ്ങൾ തിരക്കി. നമ്മുടെ ജീവിതത്തിൽ നിന്നും ലോകത്ത് നിന്നും വിട്ടു പോകുന്നവരാണ് അവർ.

 എനിക്കത് കാണാൻ പറ്റില്ല. അവളുടെ മുഖം എന്നും എന്റെ മനസ്സിലുണ്ടാവും. ഞാൻ മരിക്കുന്നത് വരെയും അങ്ങനെ തന്നെ ഉണ്ടാകും അത്. ഒരു മരണം കണ്ടില്ലാ എന്ന് പറഞ്ഞിട്ട് ആരും കുറ്റം പറയേണ്ട കാര്യമില്ല. ചോദിക്കുന്നവർക്ക് പല കാരണങ്ങൾ കാണും. എനിക്ക് അത് പറ്റില്ല", എന്ന് നസീർ സംക്രാന്തി പറഞ്ഞു. ജോലിയില്ലാതെ വെറുതെ ഇരിക്കുന്നവർ ആണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. 

Share this story