ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി

Kannada horror-comedy film 'Su from So' Malayalam version to release on August 1
Kannada horror-comedy film 'Su from So' Malayalam version to release on August 1

കന്നഡ സിനിമയില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു സു ഫ്രം സോ. ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെയും അവതരിപ്പിച്ച ചിത്രം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജ് ബി ഷെട്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സു ഫ്രം സോ നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റില്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി.

tRootC1469263">

അര്‍ജുന്‍ ജന്യയുടെ സംവിധാനത്തില്‍ ശിവ രാജ്കുമാറിനും ഉപേന്ദ്രയ്ക്കുമൊപ്പം താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 45 എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് രാജ് ബി ഷെട്ടി ഇക്കാര്യം പറയുന്നത്. ബിഹൈന്‍ഡ്‍വുഡ്സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ നേരത്തേ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രത്തിന്‍റെ ആഗോള ക്ലോസിംഗ് കളക്ഷന്‍ 124 കോടി ആയിരുന്നു. ചിത്രത്തിന്‍റെ ബജറ്റ് 4.5 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പുതിയ അഭിമുഖത്തില്‍ രാജ് ബി ഷെട്ടി പറയുന്നത് പ്രകാരം 3.5 കോടി മുതല്‍ 4 കോടി വരെയാണ് ചിത്രത്തിന്‍റെ ബജറ്റ്.

“സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഞാനാണ് ആ സിനിമ നിര്‍മ്മിച്ചത്. കര്‍ണാടകത്തില്‍ നിന്ന് മാത്രം ചിത്രം 100 കോടി ഗ്രോസ് നേടിയിരുന്നു. 3.5- 4 കോടി ചെലവില്‍ എടുത്ത സിനിമയാണ് അത്”, രാജ് ബി ഷെട്ടിയുടെ വാക്കുകള്‍. അതായത് ബജറ്റിന്‍റെ 31 മടങ്ങ് ആണ് ചിത്രം നേടിയ കളക്ഷന്‍. ഏത് നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയം. ബോക്സ് ഓഫീസ് കളക്ഷന്‍ കൂടാതെ ഒടിടി അടക്കമുള്ള ഇതര ബിസിനസുകളിലും ചിത്രം നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുലോചന ഫ്രം സോമേശ്വര എന്നതിന്‍റെ ചുരുക്കെഴുത്താണ് സു ഫ്രം സോ. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ സംവിധായകന്‍ ജെ പി തുമിനാട്. 'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ അഭിനേതാവായും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
 

Tags