ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഒടിടിയിലേക്ക്


ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രമാണ് ആസാദി. തമിഴ്‍നാട്ടിലടക്കം മികച്ച പ്രതികരണമാണ് ഈ ചിത്രം നേടിയിരുന്നത്. മഞ്ഞുമ്മൽ ബോയ്‍സിന്റെ അഭൂതപൂർവ്വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്‍നാട്ടിൽ സ്വീകാര്യത നേടിക്കൊടുത്തത്. ആ സ്വീകാര്യത ആസാദിക്കും ലഭിക്കുകയായിരുന്നു. ആസാദി ജൂണിൽ തന്നെ ഒടിടിയിൽ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനോരമ മാക്സാണ് ശ്രീനാഥ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നും വൈകാതെ സ്‍ട്രീമിംഗ് ഉണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏത് തിയ്യതിയിലായിരിക്കും സ്‍ട്രീമിംഗ് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
tRootC1469263">അതേസമയം മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോർജ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരുന്നത്. രവീണ രവി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോൾ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. സീറ്റ് എഡ്ജ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോകുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്.
