ശ്രീനിവാസൻ ദി ലെജൻഡ് !! 'മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ..'; ചർച്ചയായി സഖാവ് കോട്ടപ്പള്ളിയുടെ വാക്കുകൾ

Sreenivasan the Legend!! 'The story of man is the same everywhere..'; Comrade Kottapalli's words are a topic of discussion


പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടുത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യത്തിന് പാചകവാതകമില്ലാത്തത് കാരണം ഹോട്ടലുകൾ അടച്ചിടുന്ന സാഹചര്യത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. ലോകത്തിന്റെ ഏത് കോണിൽ യുദ്ധം നടന്നാലും അത് മനുഷ്യരെ നേരിട്ടും അല്ലാതെയും പല തരത്തിൽ ബാധിക്കുമെന്നതിനുള്ള ഏറ്റവും അടുത്ത ഉദാഹരണം കൂടിയാണിത്. 

അതിനിടെ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ ശാന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമയിലെ കഥാപാത്രമായ സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ പറയുന്ന വാക്കുകളാണ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കോട്ടപ്പള്ളിയും അനിയൻ പ്രകാശനും തമ്മിലുള്ള തർക്കത്തിനിടെ കോട്ടപ്പള്ളി പറയുന്നതിങ്ങനെയാണ്- "നിക്കാരഗോയിലെ ഒട്ടേഗയെ പുറത്താക്കി, കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റൂമേനിയയിലും മറ്റൊന്നുമല്ല സംഭവിച്ചത്. ജര്‍മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷെ വിയറ്റ്‌നാമിലേയും കംബോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കിയില്ല." എന്നാൽ പ്രകാശൻ ചോദിക്കുന്നത് 'ഇവിടുത്തെ കാര്യം പറയുമ്പോള്‍ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്?' എന്നായിരുന്നു. എന്നാൽ ഇതിന് മറുപടിയെന്നോണം കോട്ടപ്പള്ളി പറയുന്ന മറുപടിയാണ് ഏറ്റവും ശ്രദ്ധേയം- "മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ" എന്നായിരുന്നു കോട്ടപ്പള്ളിയുടെ മറുപടി. പ്രസ്തുത വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പങ്കുവയ്ക്കപ്പെടുന്നത്.

'അപ്പൊ പുരിയലേ, ഇപ്പൊ പുരിയിത്', 'കോട്ടപ്പള്ളി പറഞ്ഞത് വെറുമൊരു തമാശയല്ലെന്ന് മനസിലായി', 'ശ്രീനിവാസൻ ദി ലെജൻഡ്', തുടങ്ങീ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ജയറാം, ശ്രീനിവാസൻ, തിലകൻ, കവിയൂർ പൊന്നമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സന്ദേശം.
 

Tags