സേവിയായി ശ്രീനാഥ് ഭാസി; മാസ്സ് പോസ്റ്റർ പുറത്ത്

Bachelor Party Deux

 അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’-ലെ ശ്രീനാഥ് ഭാസിയുടെ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. ‘സേവി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ആരെയും കൂസാത്ത ലുക്കിൽ നിൽക്കുന്ന ഭാസിയുടെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ എന്നിവരുടെ കഥാപാത്ര പോസ്റ്ററുകളും പുറത്തുവന്നിരുന്നു. നവംബർ 19-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ, സിനിമാ പ്രേമികളുടെ കൾട്ട് ക്ലാസിക് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് എത്തുുന്നത്. തികച്ചും ‘ജെൻ-സി’ വൈബിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് വലിയ തരംഗമായിരുന്നു. ‘Deux’ എന്നത് ഫ്രഞ്ച് വാക്കാണ്. ഫ്രഞ്ചിൽ ഇതിനർത്ഥം ‘രണ്ട്’ എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ്.

യുവനിരയിലെ പ്രമുഖ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ എത്തുന്നത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. ഉണ്ണി ആർ. സംഭാഷണമെഴുതിയ ചിത്രത്തിൽ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. തപസ് നായക് (സൗണ്ട് ഡിസൈൻ), ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ), മഷർ ഹംസ (കോസ്റ്റ്യൂം), റോണക്‌സ് സേവ്യർ (മേക്കപ്പ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tags