ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം 'സോൾ മേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം' യൂട്യൂബിൽ എത്തി
നിവിൻ പോളി – ഗിരീഷ് എ.ഡി. കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഹ്രസ്വചിത്രം അണിയറപ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തു. ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ എന്ന കഥാപാത്രം സംവിധാനം ചെയ്യുന്നതായി തിയേറ്ററുകളിൽ കാണിച്ച അതേ ഹ്രസ്വചിത്രമാണ് ഇപ്പോൾ പൂർണ്ണരൂപത്തിൽ പ്രേക്ഷകർക്കരികിൽ എത്തിയിരിക്കുന്നത്. “തേച്ചിട്ടുപോയ കാമുകിമാർക്കുള്ള സമർപ്പണം” എന്ന രസകരമായ ടാഗ്‌ലൈനോടെയെത്തിയ ചിത്രത്തിൽ നിവിൻ പോളി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. 15 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെ, ബോക്സ് ഓഫീസിൽ വലിയ കുതിപ്പ് നടത്തുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം 150 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പുകൾ സെപ്റ്റംബർ 4-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘പ്രേമം’, ‘പ്രേമലു’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അന്യഭാഷകളിലും വലിയ തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി., ഭാവന സ്റ്റുഡിയോസ് ടീം.
.jpg)

