'റേച്ചൽ' സിനിമയിലെ 'പെൺതരിയേ…' ഗാനം പുറത്ത്
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന 'റേച്ചൽ' ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ പെൺതരിയേ എന്ന് തുടങ്ങുന്ന ആവേശം നിറയ്ക്കുന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛാബ്ര സംഗീതം നൽകി സിത്താര കൃഷ്ണകുമാറും അഹി അജയനും അനില രാജീവും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു.
സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ 'കണ്ണിൽ മാരിവില്ലിൻ ചെണ്ട്…' ഏറെ സ്വീകാര്യത നേടുകയുണ്ടായി. വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്
.jpg)


