'തട്ടിയെടുത്തത് 46 കോടി രൂപ' ; നടി അംബികയ്ക്കെതിരെ സഹോദരി രാധ നൽകിയ പരാതി ചർച്ചയാകുന്നു
രാധയുടെ ആരോപണം തള്ളിക്കൊണ്ട് അംബിക രംഗത്തെത്തി. കുടുംബസ്വത്ത് തർക്കത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പരാതി ഉയർന്നതെന്നാണ് അംബികയുടെ വിശദീകരണം. ചെന്നൈയിലെ കുടുംബവകയായ ‘എആർഎസ്’ ഗാർഡൻസുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായുള്ള ചെക്കിനെക്കുറിച്ചാണ് രാധ ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നാണ് അംബിക പറയുന്നത്.
ചെന്നൈ: സിനിമാ കുടുംബത്തിലെ സ്വത്ത് തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. നടി രാധ, സഹോദരി നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനുമെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 46 കോടി രൂപ അഞ്ച് ചെക്കുകൾ വഴി പിൻവലിച്ചെന്നാണ് രാധയുടെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് രാധ നേരിട്ട് പൊലീസ് കമ്മിഷണറെ സമീപിച്ചത്.
വൽസരവാക്കത്തെ വീട്ടിൽ ഓഫിസ് ആവശ്യങ്ങൾക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകളാണ് സഹോദരങ്ങൾ കൈക്കലാക്കിയതെന്നാണ് രാധയുടെ ആരോപണം. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. അംബികയും മല്ലികാർജുനും സമീപത്തുതന്നെ താമസിക്കുന്നതിനാൽ വീട്ടിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമായിരുന്നുവെന്നും രാധ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ ദുരുപയോഗം ചെയ്താണ് പണം പിൻവലിച്ചതെന്നാണ് ആരോപണം.

എന്നാൽ, രാധയുടെ ആരോപണം തള്ളിക്കൊണ്ട് അംബിക രംഗത്തെത്തി. കുടുംബസ്വത്ത് തർക്കത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പരാതി ഉയർന്നതെന്നാണ് അംബികയുടെ വിശദീകരണം. ചെന്നൈയിലെ കുടുംബവകയായ ‘എആർഎസ്’ ഗാർഡൻസുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായുള്ള ചെക്കിനെക്കുറിച്ചാണ് രാധ ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നാണ് അംബിക പറയുന്നത്.
അതേസമയം, രാധയ്ക്കെതിരെ മുൻപും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള രണ്ട് സെന്റും ചെന്നൈയിലെ 47 സെന്റ് ഭൂമിയും 1994 മാർച്ചിൽ തയ്യാറാക്കിയ വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തെന്നായിരുന്നു സഹോദരൻ മല്ലികാർജുന്റെ പരാതി. നെടുമങ്ങാട് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വട്ടിയൂർക്കാവ് പൊലീസ് ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള നിയമപോരാട്ടത്തിന് പിന്നിലെന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
.jpg)

