സംഘടനയിൽ തുടരാനും രാജിവെക്കാതിരിക്കാനും തന്നോട് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടുവെന്ന ശ്വേത മേനോന്റെ വാദം വിശ്വസിക്കാൻ കഴിയില്ല ; അൻസിബ

Actress Ansiba given show cause notice, asks mother to provide explanation by 17th

 താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടെ, പ്രസിഡന്റ് ശ്വേത മേനോൻ ഉന്നയിച്ച അവകാശവാദങ്ങളെ തള്ളി നടി അൻസിബ ഹസ്സൻ രംഗത്ത്. സംഘടനയിൽ തുടരാനും രാജിവെക്കാതിരിക്കാനും തന്നോട് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടുവെന്ന ശ്വേത മേനോന്റെ വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് അൻസിബ വ്യക്തമാക്കി. ശ്വേതയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നും, അത്തരമൊരു നിർദ്ദേശം താരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പരസ്യമായി പറയണമെന്നും അൻസിബ ആവശ്യപ്പെട്ടു.

താൻ ഉന്നയിച്ച വിഷയങ്ങളിൽ വ്യക്തത തേടി സംസാരിക്കുന്നതിനിടെയാണ് രമേഷ് പിഷാരടിയുമായുള്ള മാപ്പ് വിവാദത്തിലും അൻസിബ മറുപടി നൽകിയത്. തന്നെക്കൊണ്ട് മാപ്പെഴുതി വാങ്ങാൻ ശ്രമിച്ചത് രമേഷ് പിഷാരടിയല്ലെന്നും, സംഘടനയിലെ തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥനായി എത്തിയ അദ്ദേഹം എതിർകക്ഷികളുടെ നിർദ്ദേശം കൈമാറുക മാത്രമാണ് ചെയ്തതെന്നും അൻസിബ വിശദീകരിച്ചു. മുൻപ് താൻ നടത്തിയ പ്രതികരണത്തിൽ വന്ന പിശക് കൊണ്ടാണ് പിഷാരടിക്കെതിരെ തെറ്റിദ്ധാരണ ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ, സംഘടനയിലെ ചില അംഗങ്ങൾക്കെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും അമ്മയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണങ്ങളും അഡ്‌ഹോക്ക് കമ്മിറ്റിയുടെ രൂപീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായത്. നിലവിൽ സംഘടനയിലെ തർക്കങ്ങളും ഭരണസമിതിയുടെ പ്രവർത്തനവും കോടതിയുടെ പരിഗണനയിലുമാണ്.

Tags