അച്ഛൻ കമൽ ഹാസന്റെ അപൂർവ്വ പാചകപരീക്ഷണങ്ങൾ വെളിപ്പെടുത്തി ശ്രുതി ഹാസൻ
തെന്നിന്ത്യൻ താരം കമൽ ഹാസന്റെ വ്യത്യസ്തമായ പാചകരീതികളെക്കുറിച്ചും തന്റെ അസാധാരണമായ ഭക്ഷണശീലങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മകളും നടിയുമായ ശ്രുതി ഹാസൻ. ഒരു അഭിമുഖത്തിനിടെയാണ് കുട്ടിക്കാലം മുതൽ വീട്ടിൽ കണ്ടുവളർന്ന കൗതുകകരമായ ഭക്ഷണപരീക്ഷണങ്ങളെക്കുറിച്ച് താരം മനസ്സുതുറന്നത്. സാധാരണ വിഭവങ്ങൾക്കപ്പുറം മുതലയിറച്ചി, ഒട്ടകയിറച്ചി, ഈൽ മത്സ്യം തുടങ്ങിയ അപൂർവ്വ വിഭവങ്ങളോടാണ് തനിക്ക് താല്പര്യമെന്ന് ശ്രുതി വ്യക്തമാക്കി.
അച്ഛൻ കമൽ ഹാസന്റെ പാചകത്തോടുള്ള അഭിനിവേശമാണ് തന്നെയും വ്യത്യസ്തമായ രുചികളിലേക്ക് അടുപ്പിച്ചതെന്ന് ശ്രുതി പറയുന്നു. വീട്ടിൽ എപ്പോഴും പുതിയതും അപൂർവ്വവുമായ വിഭവങ്ങൾ പരീക്ഷിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛൻ തയാറാക്കുന്ന ഈൽ മത്സ്യം തന്റെ ഇഷ്ടവിഭവമാണെന്നും, പാചകത്തിനായി ഹെയർ ഡ്രയർ വരെ ഉപയോഗിക്കുന്ന വ്യത്യസ്തമായ രീതികളാണ് അദ്ദേഹത്തിന്റേതെന്നും താരം വെളിപ്പെടുത്തി. ഈ പരീക്ഷണങ്ങളിലൂടെയാണ് മുതലയുടെയും ഒട്ടകത്തിന്റെയും ഇറച്ചിയുടെ രുചി താൻ ആദ്യമായി അറിഞ്ഞതെന്നും ശ്രുതി കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്ത് നേരിട്ട ഒരു അവിസ്മരണീയ അനുഭവവും താരം അഭിമുഖത്തിൽ പങ്കുവച്ചു. ‘ലിറ്റിൽ മെർമെയ്ഡ്’ പോലെയുള്ള കാർട്ടൂണുകളിൽ മാത്രം കണ്ടിരുന്ന കടൽക്കുതിര (സീ ഹോഴ്സ്) ഒരു സാങ്കൽപ്പിക ജീവി മാത്രമാണെന്നായിരുന്നു ശ്രുതിയുടെ ധാരണ. എന്നാൽ ഒരിക്കൽ വീട്ടിലെ ഫ്രിഡ്ജ് തുറന്നപ്പോൾ ഒരു പാത്രത്തിലെ ഗ്രേവിയിൽ കടൽക്കുതിര കിടക്കുന്നത് കണ്ട് താൻ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയെന്ന് താരം ഓർത്തെടുത്തു. അന്ന് മുതലാണ് കടൽക്കുതിര യഥാർത്ഥത്തിൽ ഉള്ള ഒരു ജീവിയാണെന്ന് തിരിച്ചറിഞ്ഞതെന്നും, അതും താൻ രുചിച്ചുനോക്കിയിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു.
ഇവയ്ക്ക് പുറമെ ബേബി ഒക്ടോപസും പ്രാണികളുമെല്ലാം ചെറുപ്പം മുതലേ തന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്ന് താരം വ്യക്തമാക്കി. കാഴ്ചയിൽ പലർക്കും കൗതുകമോ അസ്വസ്ഥതയോ തോന്നാമെങ്കിലും ബേബി ഒക്ടോപസ് തനിക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണെന്നും, ചെറുപ്പം മുതലേ ഇത്തരം ഭക്ഷണരീതികൾ കണ്ടുവളർന്നതിനാൽ അവയൊന്നും തനിക്ക് പുതുമയുള്ള കാര്യമായിരുന്നില്ലെന്നും ശ്രുതി ഹാസൻ വിശദീകരിച്ചു.
.jpg)

