‘ബാച്ച്ലർ പാർട്ടി Deux’-ലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Shine Tom Chacko’s character poster from ‘Bachelor Party Deux’ released

 അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’-ലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘ഗുരു’ എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത്. തികച്ചും മാസ് ലുക്കിൽ സ്റ്റൈലിഷായാണ് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെടുന്നത്. നവംബർ 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

അടുത്തിടെ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ എന്നിവരുടെ ലുക്കുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

2012-ൽ പുറത്തിറങ്ങി സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ കാലത്തിന്റെ ‘ജെൻ-സി’ വൈബിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. ഫ്രഞ്ച് ഭാഷയിൽ രണ്ട് എന്നും ‘അവരെക്കുറിച്ച്’ എന്നും അർത്ഥം വരുന്ന ‘Deux’ എന്ന വാക്ക് കൂട്ടിച്ചേർത്താണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്.

യുവാക്കളുടെ പ്രിയപ്പെട്ട താരങ്ങളെയും മുതിർന്ന അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ഇത്തവണ എത്തുന്നത്. കുഞ്ചാക്കോ ബോബൻ, പാരിസ് ലക്ഷ്മി, നദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. ഉണ്ണി ആർ. സംഭാഷണമെഴുതിയ ചിത്രത്തിൽ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവർ ഗാനരചന നിർവ്വഹിച്ചിരിക്കുന്നു.

Tags