ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതാൻ പാപ്പനും പിള്ളേരും

shaji

  ‘ആട്’ മൂന്നാം ഭാഗത്തിലൂടെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് ജയസൂര്യ. ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’ക്കായി ഏതാനും വർഷത്തെ ഇടവേള എടുത്ത താരം, ശക്തമായ തിരിച്ചുവരവാണ് ആട് 3-ലൂടെ നടത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും കൃത്യസമയത്ത് തിയറ്ററുകളിലെത്തിയ ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറിക്കഴിഞ്ഞു. ആദ്യ നാല് ദിവസം കൊണ്ട് തന്നെ ആഗോളതലത്തിൽ 87 കോടി രൂപ നേടിയ ചിത്രം അഞ്ചാം ദിവസമായപ്പോഴേക്കും പുതിയ റെക്കോർഡുകൾ കുറിച്ചു.

പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, അഞ്ച് ദിവസം കൊണ്ട് 91.80 കോടി രൂപയാണ് ‘ആട് 3’ ആഗോള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ഇതോടെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ ‘ഭീഷ്മ പർവ്വ’ത്തിന്റെ (88.10 കോടി) റെക്കോർഡ് ജയസൂര്യ ചിത്രം മറികടന്നു. ഭീഷ്മ പർവ്വത്തെ കൂടാതെ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ കളക്ഷനെയും ആട് 3 പിന്നിലാക്കി. ജയസൂര്യ എന്ന നടന്റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായാണ് സിനിമാ ലോകം ഇതിനെ വിലയിരുത്തുന്നത്.

ഈ അസാമാന്യ കുതിപ്പോടെ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് ജയസൂര്യ ഉയർന്നു. മമ്മൂട്ടിയെ പത്താം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജയസൂര്യ ഈ നേട്ടം കൈവരിച്ചത്. പട്ടികയിൽ കല്യാണി പ്രിയദർശൻ (ലോകം), മോഹൻലാൽ (എമ്പുരാൻ), ടൊവിനോ തോമസ് (2018), പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം), ഫഹദ് ഫാസിൽ (ആവേശം) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. വരും ദിവസങ്ങളിലും ചിത്രം ഇതേ വേഗത തുടരുകയാണെങ്കിൽ 100 കോടി ക്ലബ്ബിലേക്കുള്ള ജയസൂര്യയുടെ പ്രവേശനം വൈകാതെ തന്നെയുണ്ടാകും.

Tags