'ദൃഢം'; തിയറ്ററുകളിൽ വിജയകരമായ രണ്ടാം വാരത്തിലേക്ക്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ എത്തിയിരിക്കുന്ന 'ദൃഢം' തിയറ്ററുകളിൽ വിജയകരമായ രണ്ടാം വാരത്തിലേക്ക്. ഓരോ പൊലീസുകാരനും കടന്നുപോകുന്ന യാഥാർത്ഥ്യങ്ങള്‍ തുറന്നുകാണിച്ചിരിക്കുന്ന ചിത്രം റിലീസ് കേന്ദ്രങ്ങളിലെല്ലാം അപ്രതീക്ഷിത ക്ലൈമാക്സുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. 2020-മുതൽ സംവിധായകൻ ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുന്ന മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയിരിക്കുന്നത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കിയിരിക്കുന്ന സിനിമയുടെ ഇതിവൃത്തം. ഏറെ കൈയടക്കത്തോടെ ഷെയ്ൻ തനിക്ക് ലഭിച്ച വേഷം സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് തിയറ്റർ ടോക്ക്.
പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം. നവാഗത സംവിധായകനായ മാർട്ടിൻ ജോസഫ് ആദ്യ ചിത്രത്തിലൂടെ തന്നെ മികവുറ്റൊരു പൊലീസ് സ്റ്റോറിയാണ് തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണുള്ളത്. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്.
.jpg)

