252 കോടി കടന്ന് ‘സീൻ’
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ, നസ്രിയ, നെസ്ലൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള വിലയിരുത്തൽ. ബോക്സ് ഓഫീസിലും ചിത്രം മികച്ച മുന്നേറ്റം തുടരുകയാണ്. ഇതുവരെ ആഗോളതലത്തിൽ 252.45 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈനറാണെന്ന് ട്രെയ്‌ലർ തന്നെ വ്യക്തമാക്കിയതാണ്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്.
ഡി.എസ്.പി. ഇമ്പരാജ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. മികച്ച ദൃശ്യവിരുന്നും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ചിത്രത്തിന് വലിയ രീതിയിൽ പ്രശംസ നേടിക്കൊടുക്കുന്നുണ്ട്. സൂര്യ, നസ്‌ലൻ, നസ്രിയ നസീം എന്നിവർക്കൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നുവെന്നതും സിനിമയുടെ പ്രധാന പ്രത്യേകതയാണ്.
.jpg)

