മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറി ‘സീൻ’
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. സൂര്യ, നസ്രിയ നസീം, നസ്‌ലൻ എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ബോക്സ് ഓഫീസിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ ആഗോളതലത്തിൽ 281 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്.
ആക്ഷനും നർമ്മവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു സമ്പൂർണ്ണ എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്. ശ്രീ ഗോകുലം മൂവീസാണ് ‘സീൻ’ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
ഡി.എസ്.പി ഇമ്പരാജ് എന്ന സ്റ്റൈലിഷ് പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. താരത്തിന്റെ മാസ് പ്രകടനത്തിനൊപ്പം മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ഏറെ പ്രശംസ നേടുന്നുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ മലയാളം ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഈ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
.jpg)

