പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സംഗീത് പ്രതാപ്
അച്ഛനായ സന്തോഷം മനോഹരമായ വരികളിലൂടെ പങ്കുവെച്ച് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം കുഞ്ഞ് പിറന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ തിയേറ്റർ പശ്ചാത്തലമാക്കി ഭാര്യ ആൻസിക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ച് താരം വാർത്തകളിൽ ഇടംനേടിയിരുന്നു.
‘കുഞ്ഞേ, നിന്റെ അമ്മ ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്നു, സൂചി കണ്ടാൽപ്പോലും കരയുമായിരുന്നു. എന്നാൽ, ഇന്നലെ രാത്രി നിന്നെ ഈ ലോകത്തേക്ക് എത്തിക്കാൻ ഞാൻ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും ധൈര്യശാലിയെപ്പോലെയായി അവൾ മാറി,’ എന്ന് സംഗീത് കുറിച്ചു. സ്വന്തം തീരുമാനങ്ങളെ സംശയിച്ചു കഴിഞ്ഞിരുന്ന തനിക്ക്, പ്രസവസമയത്ത് വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നുവെന്നും വേദനയിൽ അവളുടെ കൈപിടിച്ചപ്പോൾ അവളെ ഇതിനുമുമ്പ് ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതുകണ്ടപ്പോൾ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയെന്നും ആ നിമിഷത്തിൽ മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചെന്നും താരം വ്യക്തമാക്കി.
‘ആളുകൾ പറയും നീ ഇന്നലെ രാത്രിയാണ് ജനിച്ചതെന്ന്, എന്നാൽ, നീ ആദ്യശ്വാസമെടുത്തപ്പോൾ ഞാൻ പുനർജനിക്കുകയായിരുന്നു എന്നതാണ് സത്യം,’ എന്ന് കുറിച്ചുകൊണ്ടാണ് സംഗീത് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 2023 നവംബറിലായിരുന്നു സംഗീതിന്റെയും ആൻസിയുടെയും വിവാഹം. ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ആണ് സംഗീത് നായകനായി ഒടുവിലത്തെ ചിത്രം. മമിത ബൈജു നായികയാവുന്ന ‘ഹലോ ഡിയർ’ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.
.jpg)

