തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് ചിത്രങ്ങളുമായി സാമന്ത

Samantha meets Tamil Nadu Chief Minister Vijay and shares pictures

 തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി നടി സാമന്ത. ചെന്നൈയിലെത്തി വിജയ്‌യെ സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങളും വലിയൊരു കുറിപ്പും സാമന്ത തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു. സിനിമയിലെ നായകനാകാൻ മാത്രം ജനിച്ചയാളല്ല വിജയ് എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, സിനിമയിലെ സുരക്ഷിതമായ പദവി ഉപേക്ഷിച്ച് ജനസേവനത്തിനായി വലിയൊരു വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹത്തിന്റെ ധൈര്യം തന്നെ ഏറെ പ്രചോദിപ്പിക്കുന്നതാണെന്നും സാമന്ത കുറിച്ചു.

വിജയ്‌ക്കൊപ്പം അഭിനയിച്ച ‘കത്തി’, ‘തെരി’, ‘മെർസൽ’ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. ആ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൗഹൃദസന്ദർശനം. മുഖ്യമന്ത്രി വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാമന്ത കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. “ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ് സാറിനെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശ്ശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും സാന്നിധ്യവും, ആളുകൾ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതിയും കാണുമ്പോൾ അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ജനിച്ചതാണെന്ന് ഉറപ്പായിരുന്നു.

നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ ഒരു മേഖല പൂർണ്ണമായി ഉപേക്ഷിച്ച്, അത്രയേറെ വലിയൊരു വെല്ലുവിളി ഏറ്റെടുക്കുക എന്നത് ചെറിയ കാര്യമല്ല. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് അദ്ദേഹം ആ ധൈര്യം കാണിച്ചത്. പ്രതീക്ഷിക്കുന്നതിലുമപ്പുറം നല്ല കാര്യങ്ങൾ ചെയ്ത് കാണിക്കാൻ സാധിക്കും. അദ്ദേഹത്തിന് ശക്തിയും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു സാമന്ത കുറിച്ചു. രാജ് നിദിമോരു നിർമ്മിച്ച് സാമന്ത കേന്ദ്രകഥാപാത്രമാകുന്ന ‘മാ ഇൻടി ബംഗാരം’ എന്ന ചിത്രം നാളെ (വെള്ളിയാഴ്ച) തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Tags