ബോക്‌സ് ഓഫീസിൽ കുതിച്ച് സാമന്തയുടെ ‘മാ ഇന്തി ബംഗാരം’

samantha

 നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ സാമന്ത റൂത്ത് പ്രഭു ബിഗ് സ്‌ക്രീനിലേക്ക് ശക്തമായി തിരിച്ചെത്തിയ ‘മാ ഇന്തി ബംഗാരം’ തിയേറ്ററുകളിൽ വൻ വിജയം തുടരുകയാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം റിലീസ് ചെയ്ത് 11-ാം ദിവസമായ രണ്ടാം തിങ്കളാഴ്ച ബോക്‌സ് ഓഫീസിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പ്രവൃത്തിദിനത്തിന്റെ തുടക്കമായ തിങ്കളാഴ്ച ചിത്രം 1.60 കോടി രൂപയാണ് നേടിയത്. ഇതിൽ തെലുങ്ക് പതിപ്പിൽ നിന്ന് 1.53 കോടി രൂപയും തമിഴ് പതിപ്പിൽ നിന്ന് 7 ലക്ഷം രൂപയും ലഭിച്ചതായാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

റിലീസ് ദിനത്തിൽ 4.85 കോടി നേടി തുടക്കമിട്ട ചിത്രം ആദ്യ വാരം പിന്നിട്ടപ്പോൾ തന്നെ 33.70 കോടി രൂപ സ്വന്തമാക്കിയിരുന്നു. രണ്ടാം വാരത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. രണ്ടാം വെള്ളിയാഴ്ച 4.35 കോടിയും, ശനിയാഴ്ച 4.90 കോടിയും, ഞായറാഴ്ച 5.30 കോടിയും ചിത്രം കളക്ട് ചെയ്തു. തിങ്കളാഴ്ച തിയേറ്ററുകളിൽ ശരാശരി 18% മുതൽ 21% വരെ ഒക്കുപ്പൻസി രേഖപ്പെടുത്തിയ ചിത്രത്തിന് വരും ദിവസങ്ങളിലും കൂടുതൽ കുടുംബപ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 49.85 കോടി രൂപയുടെ നെറ്റ് കളക്ഷനും, 57.72 കോടി രൂപയുടെ ഗ്രോസ് കളക്ഷനും നേടിക്കഴിഞ്ഞു. വിദേശ വിപണിയിൽ നിന്നും 23.15 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതോടെ ‘മാ ഇന്തി ബംഗാര’ത്തിന്റെ ആകെ ആഗോള ഗ്രോസ് കളക്ഷൻ 80.87 കോടി രൂപയായി ഉയർന്ന് വലിയൊരു വിജയത്തിലേക്ക് കുതിക്കുകയാണ്. സാമന്തയ്‌ക്കൊപ്പം ഗുൽഷൻ ദേവയ്യ, ശ്രീമുഖി, ദിഗന്ത് മഞ്ചാലെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Tags