'കാലാ ഹിരൺ' സിനിമക്കെതിരെ സൽമാൻ ഖാൻ കോടതിയിൽ
തന്റെ വ്യക്തിത്വാവകാശങ്ങൾ ലംഘിക്കുന്നുവെന്നും പൊതുമധ്യത്തിലുള്ള തന്റെ പ്രതിച്ഛായയെയും നിലവിലുള്ള കോടതി നടപടികളെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി 'കാലാ ഹിരൺ: ദ ബാറ്റിൽ ഫോർ ലെഗസി' എന്ന സിനിമക്കെതിരെ സൽമാൻ ഖാൻ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ചിത്രത്തിന്റെ നിർമാണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയിൽ അടിയന്തര ഇടക്കാല സ്റ്റേ ഫയൽ ചെയ്തിട്ടുണ്ട്.
സിനിമയുടെ നിർമാതാവ് അമിത് ജാനി, ജാനി ഫയർഫോക്സ് ഫിലിംസ്, സംവിധായകൻ ഭരത് ശ്രീനാഥ്, അക്ഷയ് പാണ്ഡെ എന്നിവരുൾപ്പെടെ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കെതിരെയാണ് സൽമാൻ ഖാൻ കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ചിത്രത്തിന്റെ പ്രൊമോഷൻ, വിതരണം, തിയറ്റർ അല്ലെങ്കിൽ ഒ.ടി.ടി റിലീസ് എന്നിവ തടയണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
1998ലെ കുപ്രസിദ്ധമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് ഹരജിയിൽ വ്യക്തമാക്കുന്നത്. സിനിമയിൽ എവിടെയും സൽമാൻ ഖാൻ എന്ന പേര് നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും, പുറത്തുവന്ന പോസ്റ്ററുകളും സോഷ്യൽ മീഡിയ പ്രൊമോഷനുകളും അണിയറപ്രവർത്തകരുടെ പരസ്യ പ്രസ്താവനകളും കാണുമ്പോൾ അത് സൽമാൻ ഖാനെ ഉദ്ദേശിച്ചുള്ളതാണെന്ന് വായനക്കാർക്കും പ്രേക്ഷകർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
2026 മെയ് മാസത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററിൽ സൽമാൻ ഖാനോട് സാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് കാണിച്ചിരിക്കുന്നത്. പൊതുവേദിയിൽ സൽമാൻ ഖാന്റെ അടയാളമായി മാറിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ നീല ബ്രേസ്‌ലെറ്റിന് സമാനമായ ഒന്ന് ഈ കഥാപാത്രവും ധരിച്ചിട്ടുണ്ട്. കൂടാതെ ഈ കഥാപാത്രം കൈയിൽ തോക്ക് പിടിച്ചിരിക്കുന്നതായാണ് പോസ്റ്ററിലുള്ളത്. ആയുധ നിയമപ്രകാരമുള്ള കേസിൽ സൽമാൻ ഖാനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിട്ടുള്ളതാണെന്നിരിക്കെ, ഇത്തരമൊരു ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകാൻ ബോധപൂർവ്വം ചെയ്തതാണെന്നും സൽമാൻ ഖാൻ കോടതിയെ ബോധിപ്പിച്ചു.
നിലവിൽ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട പ്രധാന കേസുകൾ രാജസ്ഥാൻ ഹൈകോടതിയുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലാണ്. നിയമപരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ, അതിനെ ആസ്പദമാക്കി സിനിമയോ മറ്റ് ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നത് കേസിന്റെ സുതാര്യമായ നടത്തിപ്പിനെ ബാധിക്കുമെന്നും ഹരജിയിൽ പറയുന്നു.
ചിത്രത്തിന്റെ നിർമാതാവ് അമിത് ജാനി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ഈ ചിത്രം കൃഷ്ണമൃഗ കേസുമായി ബന്ധപ്പെട്ടതാണെന്നും, തടവിലുള്ള ഗുണ്ടാനേതാവ് ലിയോറൻസ് ബിഷ്‌ണോയിയുമായുള്ള തർക്കങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണെന്നും പരസ്യമായി പ്രസ്താവിച്ചിരുന്നു. സൽമാൻ ഖാന്റെ പേര് ഉപയോഗിച്ച് സിനിമക്ക് വലിയ തോതിൽ പബ്ലിസിറ്റിയും വാണിജ്യ നേട്ടവും ഉണ്ടാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്ന് താരം വാദിക്കുന്നു.
.jpg)

