'സായ് പല്ലവി പോര, സീതയുടെ ഗ്രേസില്ല; '; വിമർശിച്ച് സോഷ്യല്‍ മീഡിയ
സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് രാമായണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ രാമനായി എത്തുന്നത് രണ്‍ബീര്‍ കപൂറാണ്. തെന്നിന്ത്യന്‍ താരം സായ് പല്ലവിയാണ് സീതയായി എത്തുന്നത്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് രാവണനായി എത്തുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തു വന്ന ഗ്ലിംപ്‌സ് വിഡിയോ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.
അതേസമയം തീയേറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ധാരാളം വിമര്‍ശനങ്ങളും രാമായണ്‍ നേരിടുന്നുണ്ട്. അതിലൊന്ന് ചിത്രത്തിലെ നായികയുടെ കാസ്റ്റിങ് ആണ്. സീതയായി സായ് പല്ലവിയെ അംഗീകരിക്കാനാകില്ലെന്നാണ് ചിലരുടെ വിമര്‍ശനം. സായ് പല്ലവിയുടെ ലുക്ക് മുതല്‍ രാഷ്ട്രീയം വരെ പറഞ്ഞു കൊണ്ട് കടുത്ത സൈബര്‍ ആക്രമണം സായ് പല്ലവിയ്ക്ക് നേരിടേണ്ടി വന്നു.
ഇതിനിടെ ഇപ്പോഴിതാ രാമായണയുടെ സെറ്റില്‍ നിന്നുള്ളൊരു ചിത്രം വൈറലായി മാറുകയാണ്. രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്ന രംഗത്തിന്റെ ബിടിഎസ് ചിത്രങ്ങളെന്ന നിലയിലാണിത് പ്രചരിപ്പിക്കുന്നത്. പിന്നാലെ സായ് പല്ലവിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കടുത്ത ഭാഷയിലാണ് താരത്തെ ചിലര്‍ അവഹേളിക്കുന്നത്.
'നമ്മള്‍ വായിച്ചും കേട്ടും അറിഞ്ഞുള്ള സീത അതിസുന്ദരിയും ഭയങ്കര ഗ്രേസും ഉള്ള സ്ത്രീയുമാണ്. അപ്പൊ ആ റോളില്‍ അതിനു മാച്ച് ആവുന്ന ഒരു നടിയെ വേണമായിരുന്നു സെലക്ട് ചെയ്യാന്‍. സായി മോശമാണെന്നു അല്ല ഉദേശിച്ചത്, ഈ റോളിന് ഒട്ടും മാച്ച് ആയിട്ട് പേര്‍സണലി തോന്നിയില്ല. പകരം മൃണാള്‍ ആയിരുന്നേല്‍ പെര്‍ഫെക്ട് കാസ്റ്റിങ് ആയേനെ എന്ന് തോന്നിയിട്ടുണ്ട്, ഇനി പെര്‍ഫോമന്‍സ് പെര്‍ഫോമന്‍സ് എന്നും പറഞ്ഞു കരഞ്ഞുകൊണ്ട് കുറെ എണ്ണം വരും. എത്രയൊക്കെ പെര്‍ഫോം ചെയ്താലും ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്ന ഒരു ചാം ഉണ്ട്. അതില്ലാത്ത ഇതിനെ ഒക്കെ ആരാണാവോ കാസ്റ്റ് ചെയ്തത്, ലുക്ക് എന്തിന് നോക്കണം പെര്‍ഫോമന്‍സ് അല്ലെ മെയിന്‍ എന്നൊക്കെ ചിലര്‍ പറയും. എന്തിരനില്‍ ഐശ്വര്യക്ക് പകരം സായ് പല്ലവി പോലെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒട്ടും കണ്‍വിന്‍സിങ് ആവില്ലായിരുന്നു. അതേപോലെ ആണിതും' എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
അതേസമയം ലീക്കായെന്ന് പറയപ്പെടുന്ന ചിത്രം രാമായണ്‍ ലൊക്കേഷനില്‍ നിന്നുള്ളതല്ല എന്നതാണ് വാസ്തവം. 2015-16 കാലത്ത് സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിയാ കേ രാം എന്ന പരമ്പരയില്‍ നിന്നുള്ള ചിത്രമാണിത്. താരങ്ങളെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്‍ബീര്‍ കപൂറും സായ് പല്ലവിയും ആക്കി മാറ്റിയതാണ്. ഇത് അറിയാതെയാണ് പലരും താരത്തെ കടന്നാക്രമിക്കുന്നത്. രാമായണ്‍ സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമാക്കി തന്നെ സൂക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ആദ്യഭാഗം ഈ വര്‍ഷം ദീപാവലിയ്ക്ക് റിലീസാകും.
.jpg)


