ആറുമണിക്കൂറോളം നീണ്ട മേക്കപ്പ്, അധികമാരും തിരിച്ചറിയാതിരുന്ന ആ 'മായക്കാരൻ' ഋഷഭ് തന്നെ

Rishabh, the 'illusionist' who wore makeup for six hours, was the one most people didn't recognize.
Rishabh, the 'illusionist' who wore makeup for six hours, was the one most people didn't recognize.

തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്   ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായെത്തിയ കാന്താര -ചാപ്റ്റർ 1. ഈയവസരത്തിൽ ചിത്രത്തിൽ ഏവരും അതിശയപ്പെട്ടുപോയ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. കാന്താര - ചാപ്റ്റർ 1-ൽ ഏറെ ചർച്ചയായ കഥാപാത്രമായിരുന്നു മായക്കാരൻ. ഈ കഥാപാത്രത്തെ ആരാണ് അവതരിപ്പിച്ചത് എന്നാണ് പുതിയ വീഡിയോ പറയുന്നത്.

tRootC1469263">

നായകനായ ഋഷഭ് ഷെട്ടി തന്നെയാണ് മായക്കാരൻ എന്ന പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. ഋഷഭ് ഷെട്ടിയാണ് ഈ കഥാപാത്രത്തിന് ശബ്ദം നൽകിയതും. സിനിമ പുറത്തിറങ്ങിയശേഷം ഈ വേഷം ചെയ്തത് ആരെന്നുള്ള ചർച്ചകൾ നടന്നിരുന്നു. പ്രധാന കഥാപാത്രത്തിന്റെ ശരീരഘടനയുമായി യാതൊരു സാമ്യവുമില്ലാത്ത വേഷമായിരുന്നു ഋഷഭിന്റെ 'മായക്കാരൻ'. കാന്താരയുടെ രണ്ടാം ഭാഗത്തിൽ ഋഷഭ് ഷെട്ടി ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.

ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ഋഷഭ് നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയിലുള്ളത്. പുലർച്ചെ പന്ത്രണ്ടര മുതൽ മേക്കപ്പിനിരിക്കുന്ന ഋഷഭിനെ വീഡിയോയിൽ കാണാം. ആറുമണിക്കൂറോളം നീണ്ട മേക്കപ്പാണ് ഋഷഭ് ചെയ്തതെന്നും വീഡിയോ വ്യക്തമാക്കുന്നു. ഇതേ കോസ്റ്റ്യൂമിൽത്തന്നെ ഋഷഭ് രംഗങ്ങൾ ചിത്രീകരിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ കണ്ട് താരത്തിന് അഭിനന്ദനങ്ങളുമായെത്തിയത്.

2022-ൽ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വൽ ആണ് ‘കാന്താര ചാപ്റ്റർ 1’. ചിത്രത്തിൽ ഋഷഭ് ഷെട്ടിക്കൊപ്പം രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അജനീഷ് ലോക്നാഥ് സംഗീത സംവിധാനവും അരവിന്ദ് കശ്യപ് ഛായാഗ്രഹണവും നിർവഹിച്ചു. ചിത്രത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പ് ഒക്ടോബർ 31-ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ എത്തും.

Tags