അമിതാഭ് ബച്ചനെ രണ്ടാം സ്ഥാനത്ത് പിൻതള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഇതാ...
സിനിമയിലെ താരമൂല്യത്തിന് പുറമെ ബിസിനസ് സാമ്രാജ്യവും; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ എന്ന സ്ഥാനം വീണ്ടും ഷാരൂഖ് ഖാന്. 2026ലെ M3M ഹുറൂൺ ഇന്ത്യ പട്ടിക പ്രകാരം ഷാരൂഖ് ഖാന്റെ ആസ്തി 10,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഔദ്യോഗികമായി ശതകോടീശ്വര പട്ടികയിൽ ഇടം നേടിയ താരം ഇത്തവണയും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കിനെ അപേക്ഷിച്ച് ആസ്തിയിൽ കുറവുണ്ടായിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ സമ്പത്തിൽ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസുകളും ഉൾപ്പെടുന്നു. രണ്ടാം സ്ഥാനത്ത് അമിതാഭ് ബച്ചനാണ്. 4,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കുന്നത്. 3,000 കോടി രൂപ ആസ്തിയുമായി സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തും 2,500 കോടി രൂപയുമായി ഹൃത്വിക് റോഷൻ നാലാം സ്ഥാനത്തുമാണ്.
2025ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു. പുതിയ പട്ടികയിലെ 10,000 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,490 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യയിലെ നടന്മാരിൽ സമ്പത്തിന്റെ കാര്യത്തിൽ ഷാരൂഖ് ഖാൻ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇതിനിടെ, 2026ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിലും ഷാരൂഖ് ഖാൻ ഇടം നേടിയിരുന്നു. 1.3 ബില്യൺ യുഎസ് ഡോളർ അഥവാ ഏകദേശം 10,800 കോടി രൂപയായിരുന്നു അന്ന് കണക്കാക്കിയ ആസ്തി. ആ പട്ടികയിൽ ഇടം നേടിയ 57 പുതിയ ഇന്ത്യൻ സമ്പന്നരിൽ ഒരാളുമായിരുന്നു ഷാരൂഖ് ഖാൻ.
.jpg)

