സുശാന്തിന്റെ രണത്തെത്തുടർന്നുണ്ടായ അതിജീവനത്തെക്കുറിച്ച് മനസ് തുറന്ന് നടി റിയ ചക്രബർത്തി
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനുശേഷമുള്ള തന്റെ അതിജീവനത്തെക്കുറിച്ച് മനസ് തുറന്ന് നടി റിയ ചക്രബർത്തി. ‘ട്രെയിറ്റേഴ്സ്’ എന്ന ഷോയുടെ രണ്ടാം സീസണിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയിലാണ് റിയ തന്റെ അനുഭവം പങ്കുവെച്ചത്. കേസിൽ ഈ വർഷമാണ് തനിക്ക് പൂർണ്ണമായ ക്ലീൻ ചിറ്റ് ലഭിച്ചതെന്ന് നടി വ്യക്തമാക്കി.
ഷോയിൽ മുന്നോട്ടുപോകാൻ നിഷ്കളങ്കനാകാനാണോ അതോ ചതിയനാകാനാണോ താത്പര്യമെന്ന ചോദ്യത്തിന്, തനിക്ക് നിഷ്കളങ്കതയാണ് വേണ്ടതെന്നാണ് റിയ മറുപടി നൽകിയത്. “എനിക്ക് ഇന്നസെന്റ് ആകാനാണ് താത്പര്യം. ഈ വർഷമാണ് യഥാർത്ഥത്തിൽ എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്, ഞാൻ നിരപരാധിയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും ഈ വർഷമാണ്. വളരെക്കാലമായി ഞാൻ സംശയത്തിന്റെ നിഴലിലായിരുന്നു, അതുകൊണ്ട് ആ അവസ്ഥ ഇപ്പോൾ എനിക്ക് ഇഷ്ടമല്ല. വർഷങ്ങളോളം ഞാൻ അത് അനുഭവിച്ചു കഴിഞ്ഞു”- റിയ വ്യക്തമാക്കി.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം മയക്കുമരുന്ന് കേസിൽ റിയയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്യുകയും, കനത്ത സാമൂഹിക ബഹിഷ്കരണങ്ങൾ അവർക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം മാർച്ചിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും റിയക്ക് പൂർണ്ണമായ ക്ലീൻ ചിറ്റ് നൽകുകയും ചെയ്യുകയായിരുന്നു.
സുശാന്തിന്റെ വിയോഗത്തെ തുടർന്നുണ്ടായ സംഭവങ്ങളും ആരോപണങ്ങളും തന്നിൽ ഏൽപ്പിച്ച മാനസികാഘാതം വലുതാണെന്നും, ആ ട്രോമ ഇപ്പോഴും തന്റെയുള്ളിലുണ്ടെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. 2020 ജൂൺ 14-നാണ് മുംബൈയിലെ വസതിയിൽ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കാമുകിയായിരുന്ന റിയയ്‌ക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകുകയും, ഇ.ഡിയും എൻ.സി.ബിയും ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ റിയ, വര്‍ഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഒടുവിൽ കുറ്റവിമുക്തയാക്കപ്പെടുന്നത്.
.jpg)

