‘പെദ്ധി’ റിലീസ് ഏപ്രിൽ 30ന്

Peddhi

 ആഗോളതലത്തിൽ തരംഗമാകാൻ ഒരുങ്ങുന്ന രാം ചരൺ-ബുചി ബാബു സന ചിത്രം ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. എ.ആർ. റഹ്മാൻ ഈണം നൽകിയ “വാ വാ വീരാ” എന്ന ഗാനത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിജു തുറവൂർ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജിതിൻ രാജാണ്. നേരത്തെ വൈറലായ “ചികിരി ചികിരി” എന്ന ഗാനത്തിന് പിന്നാലെ എത്തിയ ഈ പുതിയ ഗാനത്തിലും രാം ചരണിന്റെ ഗംഭീരമായ നൃത്തച്ചുവടുകളാണ് പ്രധാന ആകർഷണം. വമ്പൻ നർത്തക നിരക്കൊപ്പം രാം ചരൺ തകർത്താടിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 2026 ഏപ്രിൽ 30-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

tRootC1469263">

ദേശീയ പുരസ്‌കാര ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ മാസ് ആക്ഷൻ ഡ്രാമയ്ക്കായി രാം ചരൺ വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായാണ് രാം ചരണും ശിവരാജ് കുമാറും ഒരു സ്ക്രീനിൽ ഒന്നിക്കുന്നത്. ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ശ്യാം കൗശൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ ജഗപതി ബാബുവിന്റെ ‘അപ്പലസൂരി’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററും, ദിവ്യേന്ദു ശർമ്മയുടെ സാന്നിധ്യവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് അവതരിപ്പിക്കുന്നത്. രത്നവേലു ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയാണ്. ഇഷാൻ സക്സേന (കോ-പ്രൊഡ്യൂസർ), വി.വൈ. പ്രവീൺ കുമാർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ) എന്നിവരും അണിയറയിലുണ്ട്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ‘പെദ്ധി’യുടെ ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്സും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഏപ്രിൽ അവസാന വാരം തീയേറ്ററുകളിലെത്തും.

Tags