റിയലിസ്റ്റിക് പൊലീസ് കഥയുമായി ‘ദൃഢം’; മികച്ച പ്രതികരണവുമായി പ്രേക്ഷകർ

'Druddham' with its realistic police story; Audiences respond well


 യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പൊലീസുകാരുടെ ജീവിതം മുൻനിർത്തി കഥ പറയുന്ന ചിത്രത്തിന് തിയറ്ററുകള്‍തോറും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴിൽ വൻ വിജയമായ പോർ തൊഴിലിന്‍റെ നിർമാതാക്കളിൽ നിന്നുള്ള പുതിയ ചിത്രം ഒരു സ്ലോ ബേർണിങ് പൊലീസ് സ്റ്റോറിയാണെന്നാണ് പ്രേക്ഷകാഭിപ്രായം.

റിലീസ് കേന്ദ്രങ്ങളിലെല്ലാം വേറെ ലെവൽ ക്ലൈമാക്സുമായി സർപ്രൈസ് ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം. 2020-മുതൽ സംവിധായകൻ ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുന്ന മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. 26 വയസ്സിൽ എസ്.ഐ ആകുന്ന ചില ചെറുപ്പക്കാരായ പൊലീസുകാരന്‍റെ ജീവിതമാണ് ചിത്രമെന്നും ആ ഒരു കഥാപാത്രത്തിന്‍റെ ട്രാവലാണ് സിനിമയിൽ പറയുന്നതെന്നും തിരക്കഥാകൃത്തുക്കള്‍ വ്യക്തമാക്കി.

എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയിരിക്കുന്നത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കിയിരിക്കുന്ന സിനിമയുടെ ഇതിവൃത്തം.

'കൊറോണ പേപ്പേഴ്സി'നും 'വേല'ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രത്തിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം.
 

Tags