ആര്‍ആര്‍ആറിലെ ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു

google news
rrr

ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ (58) അന്തരിച്ചു. എസ് എസ് രാജമൗലിയുടെ രാജ്യാന്തരപ്രശസ്തി നേടിയ ചിത്രം ആര്‍ആര്‍ആറിലെ ഗവര്‍ണറുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കും പരിചിതമാണ് ഇദ്ദേഹം. റേ സ്റ്റീവന്‍സണിന്റെ പിആര്‍ഒ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

1964 മെയ് 25 ന് ലിസ്‌ബേണിലാണ് റേ സ്റ്റീവന്‍സണിന്റെ ജനനം. എട്ടാം വയസ്സില്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ ഓള്‍ഡ് വിക് തിയറ്റര്‍ സ്‌കൂളില്‍ ചേര്‍ന്നു. 29ാം വയസ്സില്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം സിനിമകളിലും ടെലിവിഷനിലുമായി അഭിനയജീവിതം ആരംഭിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഭിനയരംഗത്ത് സജീവമാണ് ഇദ്ദേഹം.

1998 ല്‍ പുറത്തെത്തിയ ദി തിയറി ഓഫ് ഫ്‌ലൈറ്റ് ആണ് പ്രേക്ഷകശ്രദ്ധ നേടിയ ആദ്യ ചിത്രം. പണിഷര്‍: വാര്‍ സോണിലെയും മാര്‍വെലിന്റെ തോര്‍ സിനിമകളിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ആര്‍ആര്‍ആറിനു ശേഷം ആക്‌സിഡന്റ് മാന്‍: ഹിറ്റ്മാന്‍സ് ഹോളിഡേ എന്ന ചിത്രത്തിലും അഭിനയിച്ചു. സ്‌കോട്ട് ആഡ്കിന്‍സ് ഇതില്‍ സഹതാരമായിരുന്നു. എച്ച്ബിഒയുടെയും ബിബിസിയുടെയും സിരീസ് ആയ റോമിന്റെ 22 എപ്പിസോഡുകളിലും റേ സ്റ്റീവന്‍സണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1242: ഗേറ്റ്‌വേ ടു ദി വെസ്റ്റ് എന്ന ചിത്രത്തില്‍ കെവിന്‍ സ്‌പേസിക്കു പകരം അഭിനയിക്കാനുള്ള കരാറില്‍ ഈയിടെ അദ്ദേഹം ഒപ്പു വച്ചിരുന്നു. ഒരു ഹംഗേറിയന്‍ പുരോഹിതന്റെ വേഷമാണ് ഇതില്‍ ചെയ്യേണ്ടിയിരുന്നത്. 

Tags