ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പുമായി രവി തേജയുടെ ‘ഇരുമുടി’

irumudi

 തെലുങ്ക് സൂപ്പർ താരം രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഇരുമുടി’ തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമായ ഇത് ആദ്യ ദിനം മുതൽ തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ടിക്കറ്റ് ബുക്കിംഗിലും വലിയ മുന്നേറ്റം നടത്തുന്നുണ്ട്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു മില്യണിലധികം (10 ലക്ഷം) ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

പരമ്പരാഗത അയ്യപ്പസ്വാമി വേഷത്തിൽ തികച്ചും ആത്മീയവും വൈകാരികവുമായ ഒരു കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈകാരികമായ ഒരച്ഛൻ-മകൾ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം, താരത്തിന്റെ അഭിനയ കരിയറിലെ തന്നെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. അനുയോജ്യമായ സമയത്ത് തന്നിലേക്ക് വന്ന മികച്ചൊരു കഥയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രവി തേജ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ നായികയായി എത്തുമ്പോൾ, രവി തേജയുടെ മകളുടെ വേഷത്തിൽ ബേബി നക്ഷത്രയാണ് അഭിനയിച്ചിരിക്കുന്നത്. സായ് കുമാർ, അജയ് ഘോഷ്, സ്വാസിക തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മികച്ച പ്രമേയവും മികച്ച നിർമ്മാണ മികവും കോർത്തിണക്കിയ ചിത്രം തിയറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ വലിയ പങ്കാളിത്തത്തോടെ മുന്നേറുകയാണ്.

Tags