എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപികിനായി കർണാടക സംഗീതം പഠിക്കാൻ ഒരുങ്ങി രശ്മിക മന്ദാന

rashmikamandana

 ഇതിഹാസ കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്ര സിനിമയിൽ വേഷമിടുന്നതിനായി കർണാടക സംഗീതം പഠിക്കാൻ ഒരുങ്ങുകയാണെന്ന് നടി രശ്മിക മന്ദാന. ജീവിതത്തിൽ ഇതുവരെ പാടാൻ ശ്രമിച്ചിട്ടുപോലുമില്ലാത്ത തനിക്ക് ഈ കഥാപാത്രം വലിയൊരു വെല്ലുവിളിയാണെന്നും നടി വ്യക്തമാക്കി.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും രശ്മിക മനസ്സുതുറന്നത്. “ഇതൊരു പ്രത്യേക സിനിമയാണ്. എനിക്ക് കർണാടക സംഗീതം പഠിച്ചു തുടങ്ങണം. വെറുതെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല. എനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവില്ല. ജീവിതത്തിൽ ഞാൻ ഇതുവരെ ശ്രമിക്കാത്ത ഒന്നാണ് പാട്ട്. വീട്ടിൽ ഞാൻ മൂളിപ്പാട്ടുപോലും പാടാറില്ല. ഇപ്പോൾ ഈ സിനിമയിൽ എനിക്ക് പാടുകയും മൂളുകയുമൊക്കെ വേണം. എനിക്ക് ഒരിക്കലും അതിന് കഴിയില്ലെന്നറിയാം, എങ്കിലും എം.എസ്. അമ്മയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു,” രശ്മിക പറഞ്ഞു.

കഥാപാത്രത്തിനായി സമീപിച്ചപ്പോൾ, തനിക്ക് തൊടാൻപോലും കഴിയാത്തത്ര ശക്തമായ കഥാപാത്രമാണിതെന്നാണ് ആദ്യം മറുപടി നൽകിയതെന്നും താരം കൂട്ടിച്ചേർത്തു. “അവരുടെ ജീവിതം അത്രമേൽ മനോഹരമാണ്. വരുംതലമുറ അത് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. എന്റെ കഴിവിന്റെ പരമാവധി ഞാൻ സിനിമയ്ക്കായി നൽകും,” രശ്മിക വ്യക്തമാക്കി.

വിജയ് ദേവരകൊണ്ട നായകനായ ‘കിങ്ഡം’, നാനി ചിത്രം ‘ജേഴ്‌സി’ എന്നിവ ഒരുക്കിയ ഗൗതം തിന്നനൂരിയാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപിക് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

1916 സെപ്റ്റംബർ 16-ന് മധുരയിൽ ജനിച്ച മധുര ഷൺമുഖവടിവ് സുബ്ബലക്ഷ്മി എന്ന എം.എസ്. സുബ്ബലക്ഷ്മി, ഏകദേശം 70 വർഷം നീണ്ട സംഗീതജീവിതത്തിലൂടെ കർണാടക സംഗീതത്തിന്റെ മുഖമായി മാറിയ വ്യക്തിത്വമാണ്. 1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം അവരെ ആദരിച്ചു. ഭാരതരത്നം നേടുന്ന ആദ്യ സംഗീതജ്ഞയും, രമൺ മഗ്‌സസെ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സംഗീതജ്ഞയുമാണ് എം.എസ്. സുബ്ബലക്ഷ്മി.

Tags