മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി അഭിനയിക്കേണ്ട കാര്യമില്ല; രശ്മിക മന്ദാന

Mocked for her conversational style and pronunciation; actress Rashmika Mandanna responds.

 തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താൻ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. താൻ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും നടി വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘രണബാലി’യുടെ പ്രൊമോഷന്റെ ഭാഗമായി മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ആരൊക്കെ എന്തൊക്കെ നെഗറ്റീവ് കമന്റുകൾ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് രശ്മിക പറയുന്നു. എപ്പോഴും പോസിറ്റീവായ കാര്യങ്ങൾ മറ്റുള്ളവർക്ക് നൽകാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ അതിനെ ചിലപ്പോൾ ആളുകൾ ഓവർ ആക്ടിങ് ആണെന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒക്കെയോ പറയും. അത് എന്തുതന്നെയായാലും തനിക്ക് അതിൽ പ്രശ്നമില്ല. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ താൻ ഈ രീതിയിൽ തന്നെ മുന്നോട്ടു പോകാനാണ് ഇഷ്ടപ്പെടുന്നത്. ഇതാണ് ശരിക്കുമുള്ള താൻ. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ല. താൻ ഇതിൽ ഹാപ്പിയാണ്, തന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും സന്തോഷത്തിലാണ് കഴിയുന്നതെന്നും രശ്മിക മന്ദാന കൂട്ടിച്ചേർത്തു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘രണബാലി’. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Tags