16-ന് തിയറ്ററുകൾ ഇളകിമറിക്കാൻ ‘രണബാലി’

Romantic song from ‘Ranabali’ released.

 വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രമാണ് ‘രണബാലി’. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുമ്പോൾ, ടി-സീരീസിന്റെ ബാനറിൽ ഗുൽഷൻ കുമാറും ഭൂഷൺ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ആദ്യം സെപ്റ്റംബർ 11-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് മാറ്റി ഒക്ടോബർ 16-ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി വിജയ് ദേവരകൊണ്ടയും ‘ജയമ്മ’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും വേഷമിടുന്നു. ‘ദി മമ്മി’യിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ, സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി ചിത്രത്തിൽ പ്രധാന വില്ലനാവുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെയും ബ്രിട്ടീഷ് ഭരണകാലത്ത് രേഖപ്പെടുത്തപ്പെടാതെ പോയ ക്രൂരതകളെയും വംശഹത്യകളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതൊരു ബയോപിക്കല്ല, മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെ സിനിമാറ്റിക് പുനരാവിഷ്കാരമാണ്.

ചിത്രത്തിന്റെ ടീസറിനും ഫസ്റ്റ് ഗ്ലിംപ്‌സിനും വെഡ്ഡിങ് പോസ്റ്ററിനും സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. അജയ്-അതുൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിലെ ‘എന്തയ്യ സാമി’ എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറി. തെലുങ്കിൽ ശ്വേത മോഹനും അജയ് ഗൊഗവാലേയും ചേർന്ന് ആലപിച്ച ഈ ഗാനം തെലുങ്കിൽ മാത്രം 27 ദശലക്ഷം കാഴ്ചക്കാരെയും, മറ്റ് ഭാഷകളിലുമായി ആകെ 35 ദശലക്ഷം കാഴ്ചക്കാരെയും സ്വന്തമാക്കി കഴിഞ്ഞു. വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാൻ-ഇന്ത്യൻ തലത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമെന്ന നിലയിലുമുള്ള പ്രതീക്ഷകളും ആരാധകർക്കിടയിൽ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags