64 കോടി പിന്നിട്ട് ‘രണബാലി’

Romantic song from ‘Ranabali’ released.

ഇന്ത്യൻ ചരിത്രത്തെയും സംസ്‌കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ ‘രണബാലി’ തിയേറ്ററുകളിൽ വൻ വിജയം നേടുന്നു. ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 64 കോടി രൂപ കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ “സിംഗനമല ബൊബ്ബിലി രണബാലി” എന്ന വീരയോദ്ധാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ആഴമേറിയ പ്രണയം ആവിഷ്കരിച്ച ‘എൻന്തയ്യ സാമി’ എന്ന ഗാനവും വിജയ് ദേവരകൊണ്ടയുടെ ശക്തമായ മേക്ക് ഓവറിലുള്ള ട്രെയിലറും റിലീസിന് മുൻപേ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

ടി-സീരീസ് അവതരിപ്പിക്കുന്ന ഈ പാൻ-ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയ്ക്ക് പുറമേ ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂവും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ‘ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ ലോകപ്രശസ്ത സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ, സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ പ്രതിനായക കഥാപാത്രമായാണ് ചിത്രത്തിൽ തിളങ്ങുന്നത്.

Tags