ആഗോളതലത്തിൽ 79 കോടി ക്ലബ്ബിൽ ഇടംനേടി ‘രണബാലി’
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രണബാലി’ തിയേറ്ററുകളിൽ മികച്ച കളക്ഷനുമായി മുന്നേറുന്നു. ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കിയ ചിത്രം ഒക്ടോബർ 16-നാണ് തിയേറ്ററുകളിലെത്തിയത്. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 79 കോടി രൂപയാണ് ചിത്രം വാരിയത്.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ “സിംഗനമല ബൊബ്ബിലി രണബാലി” എന്ന വീരയോദ്ധാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ‘ജയമ്മ’ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ഈ പാൻ-ഇന്ത്യൻ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ടി-സീരീസ് ആണ്. ‘ദ മമ്മി’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ അർണോൾഡ് വോസ്ലൂ ‘സർ തിയോഡോർ ഹെക്ടർ’ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ പ്രതിനായക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഏറെ ആകാംക്ഷ നിറച്ച ട്രെയിലറും വിജയ്-രശ്മിക കൂട്ടുകെട്ടിന്റെ പ്രണയം ആഘോഷമാക്കിയ ‘എൻന്തയ്യ സാമി’ എന്ന ഗാനവും നേരത്തെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിൽ വിജയ് ദേവരകൊണ്ട എത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് തുടർന്നുപോരുന്നത്.
.jpg)

