‘രാമായണം’ മലയാളം ട്രെയിലർ പുറത്ത്
ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ മലയാളം ട്രെയിലർ പുറത്തുവന്നു. സാങ്കേതിക തികവാർന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് 2 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. നവംബർ 5-നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്ന ചിത്രം, വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരനിരയാണ് ഈ ഇതിഹാസ ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്. ശ്രീരാമനായി രൺബീർ കപൂറും, സീതാദേവിയായി സായ് പല്ലവിയും വേഷമിടുന്നു. പാൻ-ഇന്ത്യൻ സൂപ്പർ താരം യഷ് ശക്തനായ പ്രതിനായകൻ രാവണനായി എത്തുമ്പോൾ, മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായും, പ്രശസ്ത താരം അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും പ്രേക്ഷകർക്ക് ഒരു ബ്രഹ്മാണ്ഡ ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതിനകം തന്നെ ചലച്ചിത്ര ലോകത്ത് വലിയ തരംഗം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. തലമുറകളായി ആരാധിക്കപ്പെടുന്ന ഇതിഹാസ കഥ പുതിയകാല സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയൊരു ദൃശ്യാനുഭവമാക്കി മാറ്റുകയാണ് അണിയറപ്രവർത്തകർ.
.jpg)


