‘രാമായണ’ ആദ്യദിനം നേടിയത് 64 കോടിക്ക് മുകളിൽ
നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ പുരാണ ചിത്രമായ ‘രാമായണ’ ആദ്യ ദിനം മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ചു. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 2026-ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ആദ്യദിനം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ ഹിന്ദി സിനിമയായി മാറി. ശക്തമായ മുൻകൂർ ബുക്കിംഗുകൾക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ട്രേഡ് ട്രാക്കിംഗ് പോർട്ടലായ സാക്നിൽക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും എല്ലാ ഭാഷകളിലുമായി ആദ്യ ദിവസം 64.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ ചിത്രം നേടി. ആകെ 25,200 ഷോകളിലായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ സിംഹഭാഗം വരുമാനവും ഹിന്ദി പതിപ്പിൽ നിന്നാണ് ലഭിച്ചത്. ഹിന്ദി പതിപ്പ് 47.50 കോടി രൂപ നേടീയപ്പോൾ കന്നഡ പതിപ്പ് 7.25 കോടിയും തെലുങ്ക് 6 കോടിയും നേടി. തമിഴ് പതിപ്പ് 2.60 കോടിയും മലയാളം പതിപ്പ് 557 ഷോകളിൽ നിന്ന് 1.50 കോടി രൂപയും സ്വന്തമാക്കി. ഇന്ത്യയിലെ മൊത്തം കളക്ഷൻ 77.50 കോടി രൂപയിലാണ് എത്തിയത്. വിദേശ വിപണിയിലെ കളക്ഷൻ കൂടി ചേർക്കുമ്പോൾ ലോകമെമ്പാടുമുള്ള ആദ്യ ദിന വരുമാനം 100 കോടി കവിയുമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ‘ധുരന്ധർ: ദി റിവഞ്ച്’ (102.55 കോടി രൂപ) മാത്രമാണ് രാമായണത്തിന് മുന്നിലുള്ളത്. പ്രഭാസിന്റെ ‘ആദിപുരുഷ്’ (86.75 കോടി രൂപ) റിലീസ് ചെയ്തപ്പൊഴുണ്ടായ ആദ്യ ദിന കളക്ഷനേക്കാൾ താഴെയാണ് രാമായണത്തിന്റെ പ്രതിദിന വരുമാനം എങ്കിലും മികച്ച പ്രേക്ഷകാഭിപ്രായം ചിത്രത്തിന് സഹായകരമാകുന്നുണ്ട്. വരാനിരിക്കുന്ന ദീപാവലി അവധി ദിവസങ്ങളും മികച്ച വാമൊഴി പ്രചാരണവും രാമായണത്തിന് വരും ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.
.jpg)

