‘രാമായണ’യിലെ ലങ്കാധിപതിയായ യഷിന്റെ ലുക്ക് പുറത്ത്

ramayana

 ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കന്നഡ താരം യഷ് അവതരിപ്പിക്കുന്ന രാവണന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ത്രിഭുവനങ്ങളുടെയും (സ്വർഗ്ഗം, ഭൂമി, പാതാളം) അധിപനായ രാവണൻ’ എന്ന വിശേഷണത്തോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ യഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഉണ്ടാവുക എന്ന് ഇതിനോടകം തന്നെ ട്രെയിലറുകൾ സൂചന നൽകിയിട്ടുണ്ട്. ചിത്രം ഈ വർഷത്തെ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും.

വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും കേന്ദ്രകഥാപാത്രങ്ങളായി എത്തുമ്പോൾ, സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിലെത്തുന്നു. മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയായും, ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ രവി ദുബെ (ലക്ഷ്മണൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), അജിങ്ക്യ ഡിയോ (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമയുടെ സംഗീതവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രമുഖ സംഗീത കമ്പനിയായ ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെയാണ് ഈ അവകാശം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിൽ ഒന്നാണിത് എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.

Tags