'രാമായണ'യുടെ വ്യാജ പതിപ്പ് ഫേസ്ബുക്കിൽ
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം 'രാമായണയുടെ' വ്യാജ പതിപ്പ് ഫേസ്ബുക്കിൽ. ചിത്രത്തിന്റെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഹിന്ദി 3ഡി പതിപ്പിന്റെ ഭാഗങ്ങൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരു അറബിക് പേരുള്ള വിദേശ അക്കൗണ്ട് വഴിയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചോർന്ന് സമൂഹമാധ്യമങ്ങളിൽ എത്തിയത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ വ്യാജ പതിപ്പിലുണ്ടെന്നാണ് വിവരം.
റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ബോക്സ് ഓഫീസിൽ റെക്കോർഡ് കലക്ഷനുമായി കുതിപ്പ് തുടരുന്നതിനിടയിലാണ് നിർമാതാക്കൾക്ക് തിരിച്ചടിയായി ഈ വ്യാജ പതിപ്പ് പ്രചരണം. ആഗോളതലത്തിൽ 823.50 കോടി രൂപയുടെ ഗ്രോസ് കലക്ഷനാണ് ചിത്രം ഇതിനകം നേടിയത്. ഇതിൽ ഇന്ത്യയിൽനിന്ന് മാത്രം 526.50 കോടി രൂപയും (നെറ്റ് കലക്ഷൻ 440.45 കോടി രൂപ), അന്താരാഷ്ട്ര തലത്തിൽ 297 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഇതോടെ വിക്കി കൗശലിന്റെ ചരിത്ര സിനിമയായ 'ഛാവ'യുടെ ആഗോള കലക്ഷൻ റെക്കോർഡും (809 കോടി രൂപ) 'രാമായണ' മറികടന്നു. 2026ലെ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി ഇതിനോടകം 'രാമായണ' മാറിയിട്ടുണ്ട്. 'ധുരന്ധർ: ദി റിവഞ്ച്' (1852 കോടി), 'ജയിലർ 2' (829.65 കോടി) എന്നീ ചിത്രങ്ങൾക്ക് പിന്നിലാണ് രാമായണത്തിന്റെ സ്ഥാനം.
രാമനായി രൺബീർ കപൂറും രാവണനായി യാഷും എത്തുമ്പോൾ, സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായെത്തിയത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ഇതിഹാസ ചിത്രം നിർമിച്ചിരിക്കുന്നത്. 'രാമായണ ഭാഗം 1' നവംബർ അഞ്ചിനാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് തിയറ്ററുകളിൽ എത്തും.
അതേസമയം ഇന്ത്യൻ സിനിമയിൽ റെക്കോഡുകൾ തിരുത്തികൊണ്ടിരിക്കുന്ന 'രാമായണ: പാർട്ട് 1' 99-ാമത് ഓസ്കർ അവാർഡ് മത്സരത്തിലേക്ക് സമർപ്പിച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നൽകിയ റിപ്പോർട്ടിലാണ് അക്കാദമി അവാർഡിനായി സിനിമ സമർപ്പിച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി മറാത്തി ചിത്രമായ 'ഗോന്ധൾ' തെരഞ്ഞെടുക്കപ്പെട്ടതിനിടയിലാണ് ഈ നിർണായക നീക്കം.
ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയല്ലെങ്കിലും ഓസ്കറിന് സ്വതന്ത്രമായി അപേക്ഷിക്കാൻ അക്കാദമി അവാർഡിന്റെ ചില പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ സാധിക്കും. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഷിക്കാഗോ, ഡാകസ്-ഫോർട്ട് വർത്ത്, അറ്റ്ലാന്റ തുടങ്ങിയ പ്രമുഖ യു.എസ് നഗരങ്ങളിലെ തിയേറ്ററുകളിൽ തുടർച്ചയായി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ നിർമാതാക്കൾക്കോ വിതരണക്കാർക്കോ നേരിട്ട് അപേക്ഷിക്കാം.
.jpg)

