18 ദിവസം കൊണ്ട് 1705 കോടി നേടി ‘രാമായണ’

ramayana

 നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളിൽ മുന്നേറുന്നു. ശ്രീരാമനായി രൺബീർ കപൂറും, രാവണനായി യഷും, സീതാദേവിയായി സായ് പല്ലവിയും ചിത്രത്തിൽ അണിനിരക്കുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. 18 ദിവസം കൊണ്ട് ലോകമെമ്പാടുമായി 1705 കോടി രൂപ നേട്ടമാണ് ‘രാമായണ’ സ്വന്തമാക്കിയിരിക്കുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണവും, ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നു.

തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂർ അവതരിപ്പിക്കുമ്പോൾ, ലാളിത്യവും കരുത്തും അനുകമ്പയും നിറഞ്ഞ സീതാദേവിയായാണ് സായ് പല്ലവി എത്തുന്നത്. പ്രൊഡക്ഷനിൽ പങ്കാളിയായ പാൻ-ഇന്ത്യൻ സൂപ്പർതാരം യഷ് ശക്തനായ രാവണനായി വേഷമിടുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി എത്തുന്നു എന്നത് മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പഴയ ടെലിവിഷൻ രാമായണ പരമ്പരയിൽ രാമനായി ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

‘ദംഗൽ’ പോലുള്ള ആഗോള വിജയചിത്രങ്ങൾ ഒരുക്കിയ നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ, ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും എത്തുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ശ്രീധർ രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജിയാണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. ഇന്ത്യയുടെ മഹത്തായ ഇതിഹാസം അതിന്റെ എല്ലാ സൗന്ദര്യത്തോടും അന്തസ്സോടും കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയതും ചെലവേറിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tags