രജനികാന്ത് നിര്‍മ്മാണം നിര്‍ത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി മകള്‍

rajanikanth

നടന്‍ രജനികാന്തിന്റെ ലാല്‍ സലാം എന്ന ചിത്രമാണ് അടുത്തിടെ തീയറ്ററില്‍ എത്തിയത്. രജനിയുടെ മകളായ ഐശ്വര്യ രജനികാന്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഐശ്വര്യ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇത്.

അടുത്തിടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഐശ്വര്യ നല്‍കിയ ഒരു അഭിമുഖത്തില്‍ രജനികാന്തിനെക്കുറിച്ച് കുറേകാര്യങ്ങള്‍ വെളിപ്പെടുത്തി. അതില്‍ ഒന്നാണ് എന്തുകൊണ്ടാണ് സിനിമ നിര്‍മ്മാണത്തില്‍ നിന്നും രജനികാന്ത് വിട്ടുനില്‍ക്കുന്നത് എന്നതായിരുന്നു. ലോട്ടസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനി നടത്തിയിരുന്നു രജനി. പല ഹിറ്റ് ചിത്രങ്ങളിലും ഈ കമ്പനി നിര്‍മ്മാണ പങ്കാളികള്‍ ആയിരുന്നു.
എന്നാല്‍ 2002 ല്‍ ഇറങ്ങിയ ബാബ എന്ന ചിത്രത്തിന് ശേഷം രജനിയുടെ കമ്പനി സിനിമ നിര്‍മ്മാണത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കുകയാണ്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ എന്ന ചിത്രത്തില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എആര്‍ റഹ്മാന്‍ ആയിരുന്നു സംഗീതം. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമായി മാറി. 

എന്നാല്‍ ഈ ചിത്രം വന്‍ പരാജയമായതല്ല രജനി സിനിമ നിര്‍മ്മാണം വിടാന്‍ കാരണം എന്നാണ് ഐശ്വര്യ രജനികാന്ത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. രജനികാന്തിന്റെ ആത്മീയ ഗുരുവിന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഇത്. രജനിയുടെ ആത്മീയ ഗുരു സച്ചിദാനന്ദ സ്വാമിജി ബാബയ്ക്ക് ശേഷം രജനിക്ക് ഒരു ഉപദേശം നല്‍കി. സിനിമയില്‍ നിന്നും സമ്പാദിക്കുന്നത് ഒരിക്കലും സിനിമയില്‍ തന്നെ നിക്ഷേപിക്കരുത്.
ഇത് ഉള്‍കൊണ്ടാണ് രജനി പിന്നീട് സിനിമ നിര്‍മ്മാണം നിര്‍ത്തിയത്.

Tags