ഉള്ളിന്റെയുള്ളിൽ ഞാൻ ഇന്നും ഒരു ബസ് കണ്ടക്ടറാണ് ; രജനീകാന്ത്

rajanikanth

 സൂപ്പർസ്റ്റാർ പദവിയുടെ തിളക്കങ്ങൾക്കപ്പുറം തന്റെ പഴയകാല ഓർമ്മകളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും മനസ്സ് തുറന്ന് നടൻ രജനീകാന്ത്. ‘ജയിലർ 2’ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ‘സൂപ്പർ ഷോ’ പരിപാടിയിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയിലെത്തി ദശാബ്ദങ്ങൾ പിന്നിട്ടിട്ടും തനിക്ക് ലഭിച്ച വലിയ ജനപ്രീതിയും ആരാധകസ്നേഹവും പലപ്പോഴും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൂപ്പർസ്റ്റാർ എന്ന പ്രതിച്ഛായയുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെടാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. തന്റെ ഉള്ളിന്റെയുള്ളിൽ താനൊരു സാധാരണ ബസ് കണ്ടക്ടർ മാത്രമാണെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. പഴയകാലത്തെ ആ കാക്കി യൂണിഫോമും ബസുകളും കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്നും, ആ ഓർമ്മകൾ വീണ്ടും തന്നെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

75-ാം വയസ്സിലും ഇത്രയധികം ഊർജത്തോടെ നായകവേഷങ്ങളിൽ അഭിനയിക്കാൻ കഴിയുന്നതിന്റെ പ്രധാന കാരണം തന്റെ ആരാധകരാണെന്ന് താരം ചൂണ്ടിക്കാട്ടി. തമിഴ് ജനതയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരും നൽകിയ അടിയുറച്ച പിന്തുണയാണ് ഇത്രയും കാലം തന്റെ സിനിമാജീവിതത്തെ മുന്നോട്ടുകൊണ്ടുപോയത്. വലിയ നിർമ്മാണ കമ്പനികളെയും സംവിധായകൻ നെൽസണെപ്പോലുള്ള പ്രമുഖരെയും തന്നോടൊപ്പം പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ജനപിന്തുണയാണെന്നും രജനീകാന്ത് വ്യക്തമാക്കി.

Tags