3518 ദിവസത്തിന് ശേഷം ആദ്യ പത്തിൽ നിന്ന് പുലിമുരുകൻ പുറത്ത്; മുന്നിലെത്തി ദൃശ്യം 3

drishyam 3

മലയാളത്തിന്റെ ആദ്യ 100 കോടി സിനിമ ആയിരുന്നു പുലിമുരുകൻ. വൈശാഖ് ഒരുക്കിയ ആക്ഷൻ ചിത്രം റിലീസ് ചെയ്തു 30 ദിവസത്തിനുള്ളിൽ ആണ് 100 കോടിയിലേക്ക് കയറിയത്. ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ആദ്യ പത്ത് സ്ഥാനത്തിൽ നിന്ന് പുലിമുരുകൻ പുറത്തായിരിക്കുകയാണ്. 100 കോടിയിലെത്തി 3518 ദിവസങ്ങൾ ശേഷമാണ് പുലിമുരുകൻ ആദ്യ പത്തിൽ നിന്നും പുറത്തായത്.

303.86 കോടിയുമായി കല്യാണി പ്രിയദർശൻ ചിത്രം ലോക ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 266.81 കോടിയുമായി മോഹൻലാൽ ചിത്രം എമ്പുരാൻ, 242.30 കോടിയുമായി മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകൾ ആണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ദൃശ്യം 3 യുടെ വരവോടെയാണ് പുലിമുരുകൻ പുറത്തായിരിക്കുന്നത്. 141 കോടിയാണ് ദൃശ്യം 3 ഇതുവരെ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ചിത്രം കേരളത്തിൽ നിന്നും 200 കോടിയിലേറെ നേടുമെന്നാണ് കണക്കുകൂട്ടൽ. വാഴ 2 (234.46 കോടി), തുടരും (234 കോടി), 2018 (180 കോടി), ആടുജീവിതം (158.50 കോടി), ആവേശം (156 കോടി), സർവ്വം മായ (151 കോടി) എന്നീ സിനിമകൾ ആണ് ഈ ലിസ്റ്റിലുള്ള മറ്റു സിനിമകൾ.

അതേസമയം, ദൃശ്യം 3 ഉടൻ തന്നെ ലിസ്റ്റിലുള്ള മറ്റു സിനിമകളെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. ദൃശ്യം 3യുടെ ചരിത്രനേട്ടം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു. '13 വര്‍ഷമായി ഈ യാത്ര ഞങ്ങളോടൊപ്പം നയിച്ചതിന് നന്ദി. ഈ കഥയിലുള്ള നിങ്ങളുടെ സ്‌നേഹവും പിന്തുണയും വിശ്വാസവും എല്ലാ ദിവസവും ഞങ്ങളെ വിനയാന്വിതരാക്കുന്നു.' 100 കോടി കളക്ഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

നിരവധി പേരാണ് ചിത്രത്തിന്റെ നേട്ടത്തില്‍ പ്രതികരണവുമായെത്തിയത്. 'ലാലേട്ടന്‍ വീണ്ടു തൂക്കി, മോഹന്‍ലാലിനെ വെല്ലാന്‍ ഒരുത്തനുമില്ല തുടങ്ങി ധാരാളം കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. 'ദൃശ്യം 3' കേരളത്തില്‍ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Tags