'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗത്തിൽ ഭാഗമാകില്ലെന്ന് സംവിധായകൻ പ്രിയദർശൻ

priyadarshan

 ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ 'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് നിരാശ. ചിത്രത്തിന്റെ പുതിയ പതിപ്പിൽ താൻ ഭാഗമാകില്ലെന്ന് സംവിധായകൻ പ്രിയദർശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിരവധി നിയമപ്രശ്നങ്ങളും വ്യക്തിപരമായ തർക്കങ്ങളും കാരണം ചിത്രം ഇനി ഒരിക്കലും വെളിച്ചം കാണാൻ സാധ്യതയില്ലെന്ന സൂചനയും പ്രിയദർശൻ നൽകിയിട്ടുണ്ട്.

ഈ വർഷമാദ്യം പ്രമുഖ നടൻ പരേഷ് റാവൽ ചിത്രത്തിൽ നിന്ന് പിന്മാറുകയും പിന്നീട് വീണ്ടും തിരിച്ചെത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സിനിമയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികൾ ഉടലെടുത്തിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എന്നാൽ പ്രിയദർശൻ ചിത്രത്തിലില്ലെന്നും നിർമാതാവ് ഫിറോസ് നാദിയാദ്വാല വ്യക്തമാക്കിയിരുന്നു. ‘കാര്യങ്ങളെല്ലാം കൃത്യമായ വഴിയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പ്രിയദർശൻ ഈ പ്രോജക്ടിന്റെ ഭാഗമല്ല’ എന്നായിരുന്നു നിർമാതാവിന്റെ വാക്കുകൾ.

നിർമ്മാതാവിന്റെ പ്രസ്താവന ശരിവെച്ചുകൊണ്ട് സംവിധായകൻ പ്രിയദർശനും രംഗത്തെത്തി. ‘ഫിറോസ് പറഞ്ഞത് സത്യമാണ്. നിലവിൽ ഞാൻ ഹേരാ ഫേരി 3യുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല. എനിക്ക് അറിയാവുന്നിടത്തോളം, നിരവധി നിയമപരമായ പ്രശ്നങ്ങളും വ്യക്തിപരമായ തർക്കങ്ങളും നിലനിൽക്കുന്നതിനാൽ ഹേരാ ഫേരി 3 ഇനി ഒരിക്കലും തിയറ്ററുകളിൽ എത്താൻ സാധ്യതയില്ല. ഇതിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമായ കാര്യമല്ല.

സിനിമയുടെ റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ചിത്രത്തിന് കടുത്ത ഭീഷണിയുയർത്തുന്നത്. റിപ്പോർട്ട് പ്രകാരം, 1989ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന സൂപ്പർഹിറ്റ് മലയാളം സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം മാത്രമാണ് നിർമാതാവ് ഫിറോസ് നാദിയാദ്വാലക്ക് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ചാണ് 2000ൽ പ്രിയദർശന്റെ സംവിധാനത്തിൽ 'ഹേരാ ഫേരി' ഒരുക്കിയത്. 

Tags