'പ്രിവിലേജുള്ളവർ ഇരട്ടത്താപ്പിന്റെ രാഞ്ജിമാര്‍, ഡബ്ല്യുസിസിക്കെതിരെ വിജയ് ബാബുവിന്റെ തുറന്നാക്രമണം
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത എടുത്തുകാണിക്കുന്നതാണെന്നും ഗീതു മോഹൻദാസ് അന്യഭാഷയിൽ പോയപ്പോൾ മൂല്യങ്ങൾ മറന്നുപോയെന്നും പലരും കുറിച്ചിരുന്നു. എന്നാൽ ഗീതുവിനെ പിന്തുണച്ച നടി റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. നിർമാതാവും നടനുമായ വിജയ് ബാബു ഡബ്ല്യുസിസിക്കും ഗീതു മോഹൻദാസിനും റിമ കല്ലിങ്കലിനുമെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
tRootC1469263">ഇരട്ടത്താപ്പിന്റെ രാജ്ഞിമാരാണ് സംഘടനയിലുള്ളതെന്നും അവരെ കുറിച്ച് പറയാൻ തുടങ്ങിയാൽ തീരില്ലെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കിൽ കുറിച്ചു. അവർക്കാണ് പ്രിവിലേജുള്ളത്. അതുകൊണ്ട് മിണ്ടാതെ മാറി നിൽക്കുകയാണ്. പുരുഷനെ/ പുരുഷൻമാരെ ആക്രമിക്കാൻ നേരം മാത്രമാണ് അവർ കൂട്ടായ്മ കാണിക്കുന്നത്. പിന്നീട് സ്വന്തം വഴിക്ക് പിരിഞ്ഞുപോകുകയാണെന്നും വിജയ് ബാബു വ്യക്തമാക്കി.
'ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെ കുറിച്ചാണ്. അവർ പറയുന്ന കഥകളെ കുറിച്ചാണ്. അവരെ ഓരോരുത്തരേയും കുറിച്ചുള്ള കഥകൾ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല. പ്രതികരിക്കാതെ മാറി നിൽക്കുന്നതാണ്. കാരണം അവരുടെ സൗകര്യത്തിന് അനുസരിച്ച് വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കാനുള്ള പ്രിവിലേജ് എല്ലാക്കാലവും അവർക്ക് മാത്രമാണുള്ളത്. എപ്പോഴാണോ ഒരു പുരുഷനെ അല്ലെങ്കിൽ പുരുഷൻമാരെ അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി ആക്രമിക്കേണ്ടത് അപ്പോൾ മാത്രം അവർ ഒന്നിച്ചുചേരും. പിന്നീട് അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞുപോകും.
എന്നാൽ സ്വന്തം കാര്യങ്ങളിൽ അവർക്ക് യാതൊരു നിലപാടുകളോ ചിട്ടവട്ടങ്ങളോ ഇല്ല. ആടിയും ഉലഞ്ഞും നിൽക്കുന്ന ഇവർക്ക് കൃത്യമായ നയങ്ങളില്ല. അതാത് സമയത്തെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് മാത്രമാണത്.'-വിജയ് ബാബു കുറിച്ചു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്‌സിക് ടീസറിലെ ഇന്റിമേറ്റ് രംഗങ്ങളാണ് സോഷ്യൽ മീഡിയയുടെ വിമർശനത്തിന് കാരണം. മുമ്പ് കസബ പോലുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത എതിർത്ത ഗീതു സ്വന്തം സിനിമയിൽ മാസ് എലമെന്റിന് വേണ്ടി സ്ത്രീശരീരത്തെ ഉപയോഗിച്ചു എന്നതായിരുന്നു വിമർശനം. ഇതിന് പിന്നാലെ 'തനിക്ക് പറയാനുള്ളത് താൻ പറഞ്ഞു' എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗീതു പ്രതികരിക്കുകയും ചെയ്തു. റിമ കല്ലിങ്കൽ പങ്കുവെച്ച റീൽ തന്റെ സ്റ്റോറിയാക്കിയാണ് ഗീതു പ്രതികരിച്ചത്. 'സ്ത്രീകളുടെ ആനന്ദം, സമ്മതം, സംവിധാനങ്ങളെ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന രീതി എന്നിവയെ കുറിച്ച് ആളുകൾ കൂലങ്കഷമായി ചിന്തിക്കുമ്പോൾ താൻ ജീവിതം ആസ്വദിക്കുന്നു' എന്ന തരത്തിലായിരുന്നു ഈ റീലിൽ കുറിച്ച വരികൾ.
.jpg)


