രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്നു ; ചർച്ചയായി പൃഥ്വിരാജ് നടത്തിയ പരാമർശം

prithviraj

 കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളും ഓർമ്മിപ്പിച്ച് നടൻ പൃഥ്വിരാജ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. 11 വയസ്സുള്ള മകളുടെ അച്ഛൻ എന്ന നിലയിൽ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, ഇന്നത്തെ കാലത്ത് കുട്ടികളോട് തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് താരം മനസ്സ് തുറന്നത്. ഹിന്ദി ചിത്രമായ ‘ദായ്‌റ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് പൃഥ്വിരാജ് പ്രധാന്യമേറിയ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇതൊരു നിഷ്കളങ്കമായ ലോകമായിരുന്നെങ്കിൽ കുട്ടികളോട് ഇത്തരം കാര്യങ്ങൾ സംസാരിക്കേണ്ടി വരില്ലായിരുന്നുവെന്നും, എന്നാൽ ഇന്ന് സുരക്ഷിതമായത് ഏതെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൗരനെന്ന നിലയിൽ മക്കളോട് സംസാരിക്കുന്നതിനപ്പുറം തെറ്റ് ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഈ ബോധവൽക്കരണം പെൺകുട്ടികളോട് മാത്രം ഒതുങ്ങരുതെന്നും, ആൺകുട്ടികളോടും അത്രതന്നെ ശക്തമായി സംസാരിക്കണമെന്നും താരം ഓർമ്മിപ്പിച്ചു.

കുട്ടികളിൽ സുരക്ഷാബോധം വളർത്തുന്നതിൽ മാതാപിതാക്കൾക്കാണ് കൂടുതൽ ഉത്തരവാദിത്തമുള്ളതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സമൂഹത്തിൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഈ സന്ദേശം ഉറക്കെ വിളിച്ചോതാനും, ഇതിനായുള്ള ദീപശിഖ മുന്നോട്ട് കൊണ്ടുപോകാനും മാതാപിതാക്കളായ നാം ഓരോരുത്തരും മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. താരത്തിന്റെ ഈ മാതൃകാപരമായ വാക്കുകൾ ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് നേടിയെടുത്തിരിക്കുന്നത്.

Tags