'പ്രേംപാറ്റ' ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

prompatta

വീണ്ടുമൊരു റോമാന്റിക് കോമഡി ചിത്രം എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകര്‍.

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത 'പ്രേംപാറ്റ' ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക് എത്തും. തിരുവോണദിനത്തിലാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'ഓണപ്പടമല്ല! ലൈഫിലെ ഓണക്കാലങ്ങളുടെ പടം ,' എന്ന അടിക്കുറിപ്പോടെയാണ് 'പ്രേംപാറ്റ' റിലീസ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. വീണ്ടുമൊരു റോമാന്റിക് കോമഡി ചിത്രം എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകര്‍.

കോളജ് എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയ സിനിമയാണ് 'പ്രേംപാറ്റ'. 'ആയിഷ', 'ഇഡി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ'. വായനക്കാര്‍ക്ക് പരിചിതനായ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 'സന്തോഷ് ട്രോഫി', 'പൂച്ച സര്‍' എന്നീ സിനിമകളില്‍ അഭിനയിച്ച ജോമോന്‍ ജ്യോതിറാണ് സിനിമയിലെ നായകന്‍. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവന്‍, സിദ്ദിഖ്, സഞ്ജു ശിവറാം എന്നിവര്‍ക്കൊപ്പം ജുനൈസ്, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന്‍ വിജയന്‍, സനേഷ് ഗിന്നസ് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags