ബോക്സ് ഓഫീസിൽ കുതിച്ച് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’
മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയ പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’. വൻ പ്രീ-റിലീസ് ഹൈപ്പുകളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഈ ഷഹദ് ചിത്രം, മികച്ച മൗത്ത് പബ്ലിസിറ്റിയുടെ പിൻബലത്തിൽ ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് വെറും രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് വലിയ കളക്ഷൻ റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം, തിയറ്ററിലെത്തി രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോള തലത്തിൽ 35 കോടി രൂപയാണ് വാരിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 22 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ വാരാന്ത്യത്തിലും തീയേറ്ററുകളിൽ മികച്ച തിരക്ക് അനുഭവപ്പെടുന്നതിനാൽ കളക്ഷൻ കൂടുതൽ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സിനിമയുടെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് തുടങ്ങിയ പ്രമുഖ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കരിയറിൽ 20 വർഷം പിന്നിടുന്ന പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആശ്രിത നിയമനത്തിലൂടെ ജോലിക്കയറുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയും ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന അപ്രതീക്ഷിത കൊലപാതകത്തിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.
.jpg)

