ലെനയുടെ പുതിയ പുസ്തകം 'വിമൻ ഒ പോസി'ൻറെ കവർ പ്രകാശനം ചെയ്ത് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ

lenasbook

  നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ 'വിമൻ ഒ പോസി'ൻറെ കവർ പ്രകാശനം ചെയ്തു. ലെനയുടെ ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് കാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് കവർ പ്രകാശന ചടങ്ങ് നിർവഹിച്ചത്. ഓരോ പുസ്തകത്തിൻറേയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റൽ മീഡിയ യുഗത്തിൽ ഒരു പുസ്തകം ഒരാൾ കൈയിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

tRootC1469263">

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകമെന്നും ലെന വ്യക്തമാക്കി. 'ആർത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാൾ ആർത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്. 35 വയസ്സ് മുതൽ സ്ത്രീകൾ കടന്നുപോകുന്ന ശാരീരകവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ്. ഒരു കുട്ടിയിൽ നിന്നും അഡൾട്ടാകുന്ന കാലഘട്ടത്തെ അഡോളസെൻസ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടക്കുള്ള ഈ കാലഘട്ടത്തെ വുമണോസെൻസ് എന്നാണ് ഞാൻ ഈ പുസ്തകത്തിൽ വിളിച്ചിരിക്കുന്നത്. ഈ പദം ഡിക്ഷണറിയിലില്ല, ഈ പുസ്തകം ഇറങ്ങിയ ശേഷം ഇനി വരുമായിരിക്കും.'

'സ്ത്രീകളുടെ സെക്കൻഡ് അഡോളസെൻസ് എന്ന് ഇതേകുറിച്ച് പറയാം. 35 വയസ്സ് കഴിയുമ്പോൾ സ്ത്രീകളുടെ ശരീരം ഏറെ മാറി തുടങ്ങും. അപ്പോൾ അവർ പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകും. ശരീരഭാരം ഉൾപ്പെടെയുള്ള ഫിസിക്കൽ മാറ്റങ്ങളല്ലാതെ ഹോർമോണൽ വ്യതിയാനങ്ങളും പല രീതിയിലുണ്ടാകും. സ്ത്രീകൾക്കുണ്ടാകുന്ന ഈ മാറ്റം പുരുഷന്മാരും അറിയേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പുരുഷന്മാരും അറിയുകയാണെങ്കിൽ അത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകമാകും.

എനിക്ക് 45 വയസ്സായപ്പോഴാണ് എൻറെ അമ്മ അന്ന് അനുഭവിച്ച കാര്യങ്ങൾ എനിക്ക് തിരിച്ചറിഞ്ഞത്. എൻറെ അമ്മ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയതെന്ന തിരിച്ചറിവ് ഇപ്പോൾ നേരിട്ടറിയുമ്പോൾ ഞാൻ ഈ പുസ്തകം എൻറെ അമ്മക്കാണ് സമർപ്പിച്ചിക്കുന്നത്. പണ്ടത്തേക്കാൾ ഈ ജനറേഷൻ പെരി മനോപോസിനെ കുറിച്ച് ഒത്തിരി റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്' ലെന വ്യക്തമാക്കി.

Tags