പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

Renowned actor Pradeep Rawat has passed away.

 മുംബൈ: ചലച്ചിത്ര ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പ്രശസ്ത നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത് – 74) അന്തരിച്ചു. രക്താർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു, ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ഇന്ത്യൻ സിനിമയിൽ ഒട്ടനവധി ആരാധകരെ സമ്പാദിച്ച താരത്തിന്റെ വേർപാട് സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഗജനി (തമിഴ്, ഹിന്ദി പതിപ്പുകൾ), ലഗാൻ, സർഫറോഷ്, തെലുങ്ക് ചിത്രം സൈ തുടങ്ങിയവ അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ചിലതാണ്

മോഹൻലാൽ നായകനായെത്തിയ ‘ചൈനാടൗൺ’ ഉൾപ്പെടെ ‘ഇത് പാതിരാമണൽ’, ‘കസിൻസ്’, ‘ഒരു കടത്തനാടൻ കഥ’ എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1988-ൽ സംപ്രേഷണം ചെയ്ത ചരിത്രപ്രസിദ്ധമായ ‘മഹാഭാരതം’ ടിവി സീരിയലിൽ അശ്വത്ഥാമാവായി അഭിനയിച്ചും അദ്ദേഹം പ്രശസ്തനായിരുന്നു. തെലുങ്ക് ചിത്രമായ ‘ഗായപദ്ദ സിംഹം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

കല്യാണി റാവത്താണ് ഭാര്യ; വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവരാണ് മക്കൾ. വിവിധ ഭാഷകളിലൂടെ സിനിമാ ആസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞ പ്രദീപ് റാവത്തിന്റെ വിയോഗത്തിൽ പ്രമുഖ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.

Tags