പ്രദീപ് രംഗനാഥന്റെ ഹിറ്റ് നായിക ഇനി ദുൽഖറിനൊപ്പം
ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ബിബിൻ പെരുമ്പിള്ളിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ ദുൽഖറിനൊപ്പം കയാദു ലോഹറിനെയും കാണാനാകും. ഇതോടെ സിനിമയിൽ കയാദു ആണ് നായികയെന്ന് ഉറപ്പിച്ചിരിക്കുകയാണ്. നേരത്തെ തമിഴ് താരം പ്രിയങ്ക മോഹൻ ആണ് ഐ ആം ഗെയിമിലെ നായിക എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. കയാദു ലോഹറിന്റെ രണ്ടാമത്തെ മലയാള സിനിമയാണ് ഇത്. ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ആണ് നടിയുടെ ആദ്യത്തെ മലയാള ചിത്രം. ടൊവിനോ ചിത്രത്തിലെ നടിയുടെ ഭാഗങ്ങൾ നേരത്തെ ഷൂട്ട് പൂർത്തിയായിരുന്നു.
ഐ ആം ഗെയിമിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഒരു ഗ്യാങ്സ്റ്റർ മൂഡിലുള്ള ദുൽഖറിനെയാണ് അണിയറപ്രവർത്തകർ സിനിമയിൽ ഒരുക്കുന്നത്. രക്ത കറയുള്ള കയ്യിൽ തോക്ക് പിടിച്ച് ഇരിക്കുന്ന ദുൽഖറിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നടന്റെ അടുത്ത ഹിറ്റാകുമോ ചിത്രം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
.jpg)


